യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇല്ലെന്ന് സർക്കാർ
കോഴിക്കോട്: മൂന്നാഴ്ച്ച കേരളത്തെ മുൾമുനയിൽ നിർത്തുകയും കോഴിക്കോട് ജില്ലയെ ഒന്നാകെ മരണഭയത്തിലാഴ്ത്തുകയും ചെയ്ത നിപ വൈറസ് ബാധ പതിയെ പിൻവലിയുന്നു. നിപ വൈറസ് ബാധയിൽ നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് ഏറ്റവും ഒടുവിൽ ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതലയോഗത്തിൽ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ഇൗ മാസം പതിനൊന്നാം തീയതിയോടെ കാര്യങ്ങൾ പൂർവസ്ഥിതിയിലാവുമെന്നുമാണ് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചത്.
ഇതുവരെ 18 കേസുകളിൽ രോഗബാധ സ്ഥിരീകരിച്ചതിൽ 16 പേരാണ് മരിച്ചത്. കൂടുതൽ കേസുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇപ്പോൾ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകൾ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണങ്ങൾ നിപ വൈറസ് മൂലമല്ലെന്നും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കോഴിക്കോടിനുള്ളിൽ നിയന്ത്രിച്ചു നിർത്താൻ സാധിച്ചു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
രോഗം ബാധിച്ചവരുമായി അടുത്ത് സമ്പർക്കം പുലർത്തിയതിനാൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവർക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇല്ലെന്ന് യോഗം വിലയിരുത്തി. രോഗമുള്ളവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ രോഗം പിടിപെടാൻ സാധ്യതയുള്ളൂ.
18 വൈറസ് ബാധിതരിൽ 16 പേരും മരിച്ചത് മരണനിരക്ക് 90 ശതമാനത്തിന് മുകളിലേക്ക് എത്തിച്ചു. എന്നാൽ അത്രയും പേരിൽ മാത്രമായി വൈറസ് ബാധ ഒതുങ്ങിയത് ആശ്വാസകരമാണ്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ പനിക്ക് പിന്നിൽ നിപ വൈറസാണെന്ന് തിരിച്ചറിയുന്നത് കഴിഞ്ഞ മാസം ഇരുപതിനാണ്. അന്ന് മുതൽ ജനങ്ങൾക്ക് കൃത്യമായ ജാഗ്രത നിർദേശം നൽകാനും വൈറസ് ബാധ നിയന്ത്രിക്കാനും സാധിച്ചത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകമായി.
നിപ വൈറസുണ്ടായ 18 പേരിലും വൈറസ് ബാധയുണ്ടായത് മെയ് 17-ന് മുൻപാണ്. ഇൗ സാഹചര്യത്തിൽ ഇരുപതിന് മുൻപായി ആർക്കെങ്കിലും വൈറസ് ബാധയുണ്ടായിട്ടുണ്ടെങ്കിൽ ജൂൺ മൂന്നികം അത് വെളിപ്പെടേണ്ടതാണ്. എന്നാൽ ഇതുവരെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംശയം തോന്നിയ എല്ലാ രക്തസാംപിളുകളും നെഗറ്റീവ് ആവുകയും ചെയ്തു. ഒന്ന് മുതൽ 14 ദിവസം വരെയാണ് നിപ വൈറസിന്റെ ഇൻക്യൂബേഷൻ പിരീഡ്. എന്തായാലും കേരളത്തിൽ ജൂൺ പതിനൊന്ന് വരെ നിരീക്ഷണവും ജാഗ്രതയും തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ട് പേർ ഇപ്പോൾ നിപ വൈറസിൽ നിന്നും മോചിതരായതായി അവസാനം വന്ന പരിശോധന ഫലങ്ങൾ പറയുന്നു. എങ്കിലും കേന്ദ്രസംഘത്തിന്റെ കൂടി അനുമതി തേടിയ ശേഷമേ ഇവരെ വീട്ടിലേക്ക് വിടൂ.
അതേസമയം വൈറസ് ബാധ പൂർണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കോഴിക്കോട് തുടരണമെന്ന് ഇന്ന് ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നീ സ്ഥലങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.
രണ്ടായിരത്തോളം പേരാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകാൻ കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവരുമായി ദിവസവും ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളും രോഗപ്രതിരോധപ്രവർത്തനത്തിന്റെ വിവരങ്ങളും ഐ.ടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കോഴിക്കോട് കലക്ടർമാർക്ക് ഐ.ടി വകുപ്പ് ലഭ്യമാക്കും.
