സ്വന്തം സുരക്ഷിതത്വത്തിൽ വലിയ ആശങ്ക ഉണ്ടെങ്കിലും അച്ചടക്ക നടപടി ഭയന്ന് നഴ്സുമാരോ വിദ്യാർത്ഥികളോ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറല്ല
കോഴിക്കോട്: നിപ്പാ വൈറസ് ബാധ സംശയിക്കുന്നവരെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകുമ്പോൾ ഇവരെ പരിചരിക്കുന്ന നഴ്സുമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആവശ്യത്തിന് സുരക്ഷയില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഡോക്ടർമാർക്ക് കാര്യമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഐസുലേഷൻ വാർഡിൽ പോലും വെറും മാസ്ക് മാത്രം ധരിച്ചാണ് നഴ്സുമാരും മെഡിക്കൽ വിദ്യാർത്ഥികളും ജോലി ചെയ്യുന്നത്.
എൻ95 വിഭാഗത്തിൽ പെടുന്ന മാസ്കുകൾ, കയ്യുറകൾ പിപിഇ കിറ്റിൽ ഉൾപ്പെടുന്ന മറ്റ് വ്യക്തി സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് മാത്രമേ രോഗികളെ ചികിൽസിക്കാവൂ എന്നാണ് കേന്ദ്ര സംഘമടക്കം നൽകുന്ന നിർദ്ദേശങ്ങൾ. വെറസ് ബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ എൻ 95 വിഭാഗത്തിൽ ഉൾപ്പെടുന്ന പതിനായിരം മാസ്കുകൾ ജില്ലയിൽ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് പോലും ഇതു വരെ ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
20 ലക്ഷം രൂപയുടെ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സിംഗ് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാദേവി പറഞ്ഞിരുന്നെങ്കിലും അതല്ല യാഥാർത്ഥ്യമെന്ന് മെഡിക്കൽ കോളേജിലെ നഴ്സുമാർ പറയുന്നു. സ്വന്തം സുരക്ഷിതത്വത്തിൽ വലിയ ആശങ്ക ഉണ്ടെങ്കിലും അച്ചടക്ക നടപടി ഭയന്ന് നഴ്സുമാരോ വിദ്യാർത്ഥികളോ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറല്ല. അതേസമയം എല്ലാ ജീവനക്കാർക്കും മതിയായ സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ആവർത്തിക്കുന്നത്.
