ദില്ലി: നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 637 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. വിലകൂടിയ ആഭരണങ്ങള്‍, ആഢംബര വീടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, എന്നിവയാണ് പിടിച്ചെടുത്തത്.

ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളായ യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുമുള്ള സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തി വിദേശ രാജ്യത്തേക്ക് കടന്നതാണ് നീരവ് മോദി. ക്രിമിനല്‍ അന്വേഷണത്തില്‍ വിദേശ രാജ്യത്തെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത് ഇന്ത്യയില്‍ അപൂര്‍വ്വമാണ്. 

ഹോംകോങ്ങില്‍നിന്ന് 22.69 കോടിയുടെ വിശേഷപ്പെട്ട വജ്രാഭരണങ്ങള്‍ ഇന്ത്യയിലേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റ് തിരിച്ചെത്തിച്ചിരുന്നു. ജനുവരിയില്‍ നീരവ് മോദിയ്ക്കെതിരെ ആദ്യ എഫ്ഐആര്‍ റെജിസ്റ്റര്‍ഡ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.  

നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 57 കോടി രൂപ വിലവരുന്ന ലണ്ടനിലെ അപ്പാര്‍ട്ട്മെന്‍റും എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. സഹോദരി പുര്‍വ്വി മോദിയാണ് ഇവിടെ കഴിഞ്ഞിരുന്നത്. 2017ലാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പൂഴ്ത്തിയ പണം ഉപയോഗിച്ചാണ് ഈ ഫ്ലാറ്റ് സ്വന്തമാക്കിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു. 

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലെ രണ്ട് ആഢംബര അപ്പാര്‍ട്ട്മെന്‍റുകളും പിടിച്ചെടുത്തു. 216 കോടി രൂപയാണ് ഈ അപ്പാര്‍ട്ട്മെന്‍റിന്‍റെ മതിപ്പുവില. നീരവ് മോദിയുടെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള ഇത്താക്ക ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണ് അപ്പാര്‍ട്ട്മെന്‍റ്. 

പൂര്‍വ്വി മോദിയുടെ പേരിലുള്ള മുംബൈയിലെ 19.5 കോടി രൂപ വിലവരുന്ന വീടും കണ്ടുകെട്ടിയിട്ടുണ്ട്. അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 278 കോടി രൂപയും പിടിച്ചെടുത്തു. കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷം ഈ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.