ദില്ലി: നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൂടെയെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിന്‍റെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. ഇത്തരമൊരു കാര്യം പറയാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു. വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ അവരെ കാണുന്നു. സുഖാന്വേഷണം പോലും നടത്താത്ത അവര്‍ കുറ്റവാളികള്‍ക്കായി സംസാരിക്കുന്നു. ഇത്തരം ആളുകള്‍ കുറ്റവാളികള്‍ക്കുവേണ്ടി സംസാരിക്കുന്നിടത്തോളം കാലം രാജ്യത്തെ ബലാത്സംഗം ഇല്ലാതാകില്ലെന്നും അവര്‍ പറഞ്ഞു. മാപ്പ് നല്‍കണമെന്ന് ഉപദേശിക്കാന്‍ ആരാണ് അവര്‍. കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് രാജ്യമാകെ ആഗ്രഹിക്കുന്നതാണ്. പക്ഷേ ഇവരെപ്പോലുള്ളവരാണ് നീതി നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നതെന്നും ആശാദേവി വിമര്‍ശിച്ചു.

ഇന്ദിര ജെയ്സിംഗിനെതിരെ നിര്‍ഭയയുടെ അച്ഛനും രംഗത്തെത്തി. ഇവരെപ്പോലുള്ള സ്ത്രീകള്‍ കാരണമാണ് സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുന്നതെന്നും മറ്റൊരു സ്ത്രീയുടെ വേദന മനസ്സിലാക്കാന്‍ അവര്‍ക്കാകില്ലെന്നും പിതാവ് ബദ്രിനാഥ് സിംഗ് പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് ആശാദേവി സോണിയാഗാന്ധിയുടെ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധിയെ വധിച്ചവര്‍ക്ക് സോണിയാഗാന്ധി മാപ്പ് നല്‍കിയത് പോലെ നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് ആശാദേവി മാപ്പ് നല്‍കണമെന്നാണ് ഇന്ദിര ജെയ്സിംഗ് ആവശ്യപ്പെട്ടത്. വധശിക്ഷക്ക് എതിരെ നിലപാട് സ്വീകരിച്ച അഭിഭാഷകയാണ് ഇന്ദിര ജെയ്സിംഗ്. നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടിയതില്‍ പ്രതിഷേധവുമായി ആശാദേവി രംഗത്തുവന്നിരുന്നു.