തിരുവനന്തപുരത്തെ വിജയം രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണ്. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്ന സൂചനയാണിത്. 2026 ഏപ്രിലിൽ നിരവധി എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകും. കഠിനമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ബിജെപി ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമാണ് കേരളക്കര കണ്ടത്. കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം നേടിയ മുന്നണി നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണിയെ മലര്‍ത്തിയടിച്ചു. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന് മനസില്‍ കുറിച്ചായിരുന്നു തദ്ദേശപ്പോരില്‍ യുഡിഎന്‍റെ പ്രചരണം. തദ്ദേശത്തിലെ തോല്‍വി കേരള ഭരണത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യതകളെ തകര്‍ക്കും. മൂന്നാമതും പ്രതിപക്ഷത്തായാൽ പിന്നെ രാഷ്ട്രീയ വനവാസം. ജയിച്ചേ തീരുവെന്ന് ഉറപ്പിച്ച യുഡിഎഫുകാരെല്ലാം പ്രചരണത്തിന് കൈയ്മെയ് മറന്നിറങ്ങി. പണ്ടത്തെപ്പോലെ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സംഘടനാ ശക്തിയില്ലാത്തയിടത്ത് ഉള്ളവര്‍ ഒറ്റയ്ക്കെങ്കിലും വോട്ട് തേടി വീടുകയറി. പണവും ആളുമില്ലെന്ന് ആരും പരാതി പറഞ്ഞിരുന്നില്ല. അക്ഷരാര്‍ത്ഥത്തിൽ ജീവൻമരണ പോരാട്ടമായിരുന്നു യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പ്. തോറ്റ് പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ആഹ്ലാദിക്കാൻ കഴിയുന്ന മിന്നും ജയം മുന്നണി നേടി.