ദില്ലി: യുദ്ധവിമാനത്തിൽ പറന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 എം കെ ഐ പോര്‍ വിമാനത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ പറക്കല്‍. മന്ത്രി 45 മിനിറ്റ് ആകാശയാത്ര നടത്തി.

രാജസ്ഥാനിലെ ജോധ്പൂർ വ്യോമസേനാ സ്റ്റേഷനിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പറക്കൽ. സുഖോയിയിൽ പറക്കുന്ന ആദ്യ വനിത പ്രതിരോധ മന്ത്രിയാണ് നിർമ്മല സീതാരാമൻ. കൂടിതെ, പ്രതിഭാ പാട്ടീലിന് ശേഷം സുഖോയിൽ സഞ്ചരിക്കുന്ന വനിതയും നിര്‍മ്മല സീതാരാമന്‍ തന്നെ.

ആണവായുധങ്ങൾ ഘടിപ്പിക്കാൻ ശേഷിയുള്ള വിമാനമാണ് സുഖോയ്. റഷ്യന്‍ വിമാനമായ സുഖോയ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ റഷ്യന്‍ സാങ്കേതിക പിന്തുണയോടെ തദ്ദേശീയമായി നിര്‍മ്മിച്ചത്. നേരത്തെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയിലും മന്ത്രി സഞ്ചരിച്ചിരുന്നു. രാജ്യത്തിന്‍റെ യുദ്ധസംവിധാനങ്ങളുടെ മികവും ക്ഷമതയും നേരിട്ട് കണ്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം.