കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിസാമിന്റെ മാനസികനില സാധാരണ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധനാ റിപ്പോര്‍ട്ട് വരുന്ന തിങ്കളാഴ്ച കോടതി പരിഗണിക്കും.
നിസാമിന്റെ മാനസികനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. നിസാമിന്റെ മാനസികനിലയില്‍ പ്രശ്‌നമുണ്ടെന്നും ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ചികിത്സയ്ക്കു സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബന്ധുവായ പി.ഐ.അബ്ദുല്‍ഖാദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് നിസാമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തുകയായിരുന്നു. മാനസികാരോഗ്യവിദഗ്ധന്‍ ഗൗരവ് പി.ശങ്കര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡാണു പരിശോധന നടത്തിയത്.
