ആലപ്പുഴ: മാരാരിക്കുളത്തെ യുവകര്‍ഷകനായ വി ആര്‍ നിഷാദിന് ഓരോ കൃഷിയും ഓരോപരീക്ഷണങ്ങളാണ്. കണിച്ചുകുളങ്ങര പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ തരിശ് പുരയിടത്തില്‍ പച്ചമുളക് മാത്രം വിളിയിച്ചാണ് നിഷാദ് കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയനായത്. ആറായിരം ചുവട് പച്ചമുളക് നട്ടു. രണ്ട് ടണ്‍ പച്ചമുളക് വിറ്റു. നാട്ടില്‍ മാര്‍ക്കില്ലെന്ന് കണ്ടപ്പോള്‍ നവമാധ്യമങ്ങള്‍ വഴി കൊല്ലത്തും കൊച്ചിയിലും വിപണി കണ്ടെത്തി. കഴിഞ്ഞ നാലുമാസമായി പച്ചമുളകിലൂടെയാണ് നിഷാദ് പിടിച്ച് നില്‍ക്കുന്നത്.
തുടക്കം മുതല്‍ വില 90 രൂപ തന്നെ .ഇതിനടയില്‍ പാട്ടത്തിനെടുത്ത മറ്റൊരു രണ്ടര ഏക്കര്‍ തരിശ് സ്ഥലത്ത് 1200 ചുവട് വെണ്ടയും 200 ചുവട് പടവലവും 200 ചുവട് പാവലും 1700 ചുവട് പയറും നട്ടു. മികച്ച വിളവാണ് ലഭിച്ചത്. ഇവിടത്തെ വിളവെടുപ്പ് തീരും മുമ്പ് അഞ്ച് ഏക്കര്‍ വയലില്‍ കൊണ്ടല്‍ കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങി. സ്വന്തം തോട്ടത്തില്‍ വിളയുന്ന പച്ചക്കറികള്‍ വിറ്റഴിക്കാന്‍ സ്വന്തമായി വഴികണ്ടെത്തുന്നതിനാല്‍ നിഷാദിന് കൃഷി നഷ്ടമേ അല്ല.
ഗീന്‍ ലീവ്‌സ് ഗുഡ്‌നസ് ഓഫ് മാരാരിക്കുളം എന്ന സ്വന്തം ബ്രാന്റിലാണ് പച്ചക്കറികള്‍ വിപണിയിലെത്തിക്കുന്നത്. കാര്‍ഷിക രംഗത്ത് സ്വന്തമായി സ്റ്റാര്‍ട്ട് അപ്പും രജിസ്ടര്‍ ചെയ്തിട്ടുണ്ട്. പരിസ്ഥിതി കാര്‍ഷിക മേഖലയിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് നിഷാദ് കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പിലെത്തിയത്. പച്ചക്കറികളില്‍ നിന്നുള്ള മൂല്ല്യ വര്‍ദ്ധിത ഉല്പന്നങ്ങളും , ജൈവ വളങ്ങളുമാണ് നാഷാദിന്റെ സ്റ്റാര്‍ട്ട് അപ്പിലുള്ളത്. ലക്ഷ്മി തരൂ പ്രചാരകനായാണ് നിഷാദ് കാര്‍ഷിക രംഗത്തേക്ക് വരുന്നത്. നാല് വര്‍ഷം മുമ്പ് മാരാരിക്കുളത്തെ നഴ്‌സറിയില്‍ നിന്ന് നാല് ലക്ഷം തൈകളാണ് ഉല്പാദിച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്ത് നിഷാദ് ശ്രദ്ധേയനായി.
മിക്കയിടങ്ങളിലും സൗജന്യമായാണ് തൈകള്‍ നല്‍കിയത്.ലക്ഷി തരുവില്‍ നിന്ന് സോപ്പും, ദാഹശമനിയും ഫെയിസ് വാഷും കൊതുക് തിരിയും ഉല്പാദിപ്പിച്ച് തുടങ്ങിയപ്പോഴാണ് വിപണനത്തിനായി പിറവം അഗ്രോ പാര്‍ക്കില്‍ ഗ്രീന്‍ലീവ്‌സ് എന്നപേരില്‍ സ്റ്റാര്‍ട്ട് അപ്പ് രജിസ്റ്റര്‍ ചെയ്തത്. സിമിറുബിന്‍ എന്ന ലക്ഷ്മി തരു ഫുഡ് സപ്ലിമെന്റ് സൗഖ്യാരോഗ്യമേഖലയില്‍ നിഷാദിന് നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷമാണ് ജൈവ പച്ചക്കറിയിലേക്ക് ശ്രദ്ധ തിരിഞ്ഞത്.800 ഗ്രോബാഗുകളിള്‍ അമ്മ ബേബിയുടെ നേതൃത്വത്തില്‍ വിവിധയിനം പച്ചക്കറികളുടെ കൃഷി തുടങ്ങിയപ്പോള്‍ നിഷാദ് സഹായിയായി കൂടി. ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞനായ ആര്‍.രാമചന്ദ്രന്‍, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാര്‍ എന്നിവരുടെ പ്രോത്സാഹനമാണ് നിഷാദിനെ മുഴുവന്‍ സമയ കര്‍ഷകനാക്കിയത്.
വൃക്ഷായുര്‍വ്വേദവും കൃത്യത കൃഷിയും സമ്മിശ്രമായി നടത്തുന്ന നിഷാദ് സ്വന്തം രീതിയില്‍ ജൈവ വളവും ജൈവ കീടനാശിനിയും തയ്യാറാക്കിയിട്ടുണ്ട്. കുനാബ് ജല്‍ എന്ന ജൈവ ലായിനിയാണ് വളമായും കീടവിരട്ടിയായും നിഷാദ് ഉപയോഗിക്കുന്നത്. ഇത് ഖര രൂപത്തിലാക്കി ഓണ്‍ലൈന്‍ വഴി വില്പന നടത്താനുള്ള ശ്രമത്തിലാണ് ചെറുവാരണം സരസ്വതി മന്ദിരത്തില്‍ നിഷാദ്.
