റിയാദ്: സൗദിയിലെ ഭൂരിഭാഗം ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വദേശീവല്‍ക്കരണം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തല്‍. അധ്യയനവര്‍ഷത്തിനിടയില്‍ അധ്യാപകരെ പിരിച്ചു വിടുന്നതും പുതിയ അധ്യാപകരെ നിയമിക്കുന്നതും വിലക്കണമെന്ന് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് പ്രതിനിധി ആവശ്യപ്പെട്ടു. എഴുപത് ശതമാനത്തോളം ഇന്റര്‍നാഷണല്‍ സ്‌കൂളുകളും സ്വദേശീവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയവരാണെന്ന് കൗണ്‍സില്‍ഓഫ് സൗദി ചേമ്പേഴ്‌സിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍കമ്മിറ്റി പ്രസിഡന്റ് മന്‌സൂര്‍ അല്ഖുനൈസാന്‍ പറഞ്ഞു.
നിതാഖാത് പ്രകാരം ഈ സ്‌കൂളുകളെല്ലാം ചുവപ്പ്, മഞ്ഞ കാറ്റഗറികളിലാണ്. ഇത് സ്വദേശീവല്ക്കരണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. എന്നാല്‍ അധ്യയന വര്‍ഷത്തിനിടയില്‍ അധ്യാപകരെ പിരിച്ചു വിടുകയോ പുതിയ അധ്യാപകരെ നിയമിക്കുകയോ ചെയ്യരുതെന്നും കമ്മിറ്റി നിര്‌ദേശിച്ചു. ഇത് പഠനത്തെ ബാധിക്കും. നിതാഖാത് നിയമം പാലിക്കാനായി പല സ്‌കൂളുകളും അധ്യയന വര്‍ഷത്തിനിടയില്‍ വിദേശ അധ്യാപകരെ ഒഴിവാക്കുകയും, സ്വദേശികളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. ഇത് അനുവദിക്കരുതെന്ന് തൊഴില്‍സാമൂഹിക വികസന മന്ത്രാലയത്തോടും മന്‌സൂര് അല്ഖുനൈസാന് ആവശ്യപ്പെട്ടു.
അധ്യാപകര്‍ ഒരു അധ്യയന വര്‍ഷം മുഴുവനായും ഒരു സ്‌കൂളില്തന്നെ തുടരണം. നിതാഖാത്തില്‍ താഴ്ന്ന വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാന്‍ അവസരമുണ്ട്. ഇതില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പാഠ്യവിഷയങ്ങള്‍ പൂര്‍ത്തിയാക്കാതെ അധ്യാപകര്‍ കൂട്ടത്തോടെ സ്‌കൂളില്‍ നിന്നും പിരിഞ്ഞു പോകുന്ന സാഹചര്യം ഉണ്ടാകും. സ്വദേശീ വല്‍ക്കരണതോത് പാലിച്ചാല്‍ സ്‌കൂളുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും മന്‍സൂര്‍ചൂണ്ടിക്കാട്ടി.
