ദില്ലി: നിതാരി കൂട്ടക്കൊല കേസിൽ മൊനീന്ദ‌ർ സിങ് പാന്ഥർ, സുരീന്ദർ കോലി എന്നിവർക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു. ഇരുവരും കുറ്റക്കാരെന്ന് ഗാസിയാബാദ് സി.ബി.ഐ. കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 20 വയസുകാരി പിങ്കി സര്‍ക്കാറിനെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. കൊലപാതകം, ബലാത്സംഗശ്രമം, തെളിവുനശിപ്പിക്കൽ എന്നീ കേസുകളിലാണ് ഇരുവരും കുറ്റക്കാരെന്ന് ജഡ്ജി പവന്‍ തിവാരി കണ്ടെത്തിയത്.

കോലിക്കെതിരേ 16 കേസുകളാണുള്ളത്. ഇതില്‍ ആറു കേസുകളില്‍ കോലി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട കോലി ഇപ്പോൾ ജയിലിലാണ്. 2006 ലാണ് നിതാരി കൂട്ടക്കൊല വെളിച്ചത്ത് വരുന്നത്.പാന്ഥറുടെ വീട്ടിനടുത്തു നിന്ന് കണ്ടെത്തിയ 15 തലയോട്ടികളില്‍ ഒന്ന് പിങ്കിയുടെതായിരുന്നു.ഇതോടൊപ്പമുണ്ടായിരുന്ന പിങ്കിയുടെ വസ്ത്രത്തിലെ ക്ലിപ്പില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പൊലിസ് ആകെ 19 എഫ്.ഐ.ആറുകളാണ് രണ്ടു പ്രതികള്‍ക്കുമെതിരേ രജിസ്റ്റർ ചെയ്തത്. ഇതില്‍ 16 കേസിൽ കുറ്റപത്രം സമർപ്പിച്ചു.

പെണ്‍കുട്ടികളും യുവതികളും അപ്രത്യക്ഷമാകുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. പൊലീസും സി.ബി.ഐയും നടത്തിയ അന്വേഷണത്തിൽ കാണാതായവരുടെ അസ്ഥികൂടങ്ങള്‍ പാന്തറുടെ നോയിഡയിലെ നിതാരിയിലുള്ള വീടിനടുത്തു നിന്ന് കണ്ടെത്തി.പാന്തറും കോലിയും കൂടി സ്ത്രീകളെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.