ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശം. ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് കഴിഞ്ഞ ആഴ്‌ച നടന്ന നീതി ആയോഗ് ഭരണസമിതി അംഗങ്ങളുടെ യോഗത്തില്‍ ധാരണയായത്. 2024 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടു ഘട്ടങ്ങളിലായി ഒരുമിച്ച് നടത്തണമെന്നാണ് നീതി ആയോഗ് നിര്‍ദ്ദേശ്. ഇതുവഴി വന്‍ പാഴ്‌ച്ചെലവ് ഒഴിവാക്കാനാകും. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണം ഒന്നിച്ചാകുന്നത് സര്‍ക്കാരിനും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നല്ലതാണ്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ‌ട്രപതി പ്രണബ് മുഖര്‍ജി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.