താങ്കളുടെ പ്രശംസയ്ക്ക് നന്ദിയെന്നും എന്നാല്‍, തന്‍റെ ധെെര്യത്തിന് രാഹുലിന്‍റെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നാണ് ഗഡ്കരി തുറന്നടിച്ചത്

ദില്ലി: നരേന്ദ്ര മോദിയെ ഒളിയമ്പ് ഏയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ പ്രശംസയ്ക്ക് തിരിച്ചടി നല്‍കി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി നിതിന്‍ ഗഡ്കരി. ഭാരതീയ ജനതാ പാര്‍ട്ടിയിലെ തന്‍റേടമുള്ള ഏക നേതാവ് നിതിന്‍ ഗഡ‍്കരിയാണെന്നാണ് രാഹുല്‍ പ്രശംസിച്ചത്.

കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, ഭരണഘടനാ സ്ഥാനപനങ്ങളുടെ തകര്‍ച്ചകളെക്കുറിച്ചും റഫാല്‍ അഴിമതി സംബന്ധിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളില്‍ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തിരുന്നു.

കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്നും എബിവിപിയുടെ മുന്‍ പ്രവര്‍ത്തകരമായി നടത്തി ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. ഇത് ബിജെപിക്കുള്ളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചതോടെയാണ് രാഹുല്‍ ഗഡ്കരിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

എന്നാല്‍, രാഹുലിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തിരിക്കുകയാണ് നിതിന്‍ ഗഡ്കരി. താങ്കളുടെ പ്രശംസയ്ക്ക് നന്ദിയെന്നും എന്നാല്‍, തന്‍റെ ധെെര്യത്തിന് രാഹുലിന്‍റെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നാണ് ഗഡ്കരി തുറന്നടിച്ചത്. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷനായിട്ടും സര്‍ക്കാരിനെ ആക്രമിക്കാന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത ഉപയോഗിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും ഗഡ്കരി പരിഹസിച്ചു.