ജെഡിയുവിനെ അവഗണിക്കാമെന്ന് കരുതേണ്ടെന്ന് നിതീഷ് കുമാര്‍

പാറ്റ്ന: ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിയു ദേശീയ നിര്‍വാഹക സമിതിയിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാര്‍ട്ടിയെ അവഗണിക്കാമെന്ന് ആരും കരുതേണ്ട. ബിജെപിയുടെ ലോക്സഭാ സീറ്റ് വാഗ്ദാനത്തിനായി കാത്തിരിക്കുന്നുവെന്നും അഴിമിതി, വര്‍ഗീയവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യം തുടരും. എന്നാൽ അടുത്തിടെ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മല്‍സരിക്കാനാണ് ദില്ലിയിൽ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനം. 

ബി.ജെ.പിയുമായി അകലുന്നവെന്ന് പ്രതീതിയുണ്ടാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യവിവരം അന്വേഷിച്ച് അര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ വിളിച്ചിരുന്നു. എന്നാൽ മഹാസഖ്യത്തിന്റെ വാതിൽ നിതീഷിന് മുന്നിൽ തുറക്കില്ലെന്ന് ലാലുവിന്‍റെ മകന്‍ തേജസ്വി യാദവ് വ്യക്തമാക്കി . പിന്നാലെയാണ് ബി.ജെ.പി സഖ്യം തുടരുമെന്ന ജെ.ഡിയു പ്രഖ്യാപനം . പ്രഖ്യാപിച്ചതു പോലെ കാര്യങ്ങള്‍ നടപ്പാവാൻ ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ ബിജെപി നിലപാട് നിര്‍ണായകമാകുമെന്ന സൂചന കൂടി പാര്‍ട്ടി നല്‍കുന്നു . ബിഹാറിലെ 40 ൽ 17 സീറ്റാണ് ജെ.ഡി.യു ആവശ്യപ്പെടുന്നത്

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നിതീഷ്കുമാര്‍ എൻ.ഡി.എ വിട്ട് പുതിയ രാഷ്ട്രീയ നീക്കം നടത്തിയത്. പിന്നീട് 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശത്രുതകൾ മറന്ന് ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി.

ആ സഖ്യം ഉപേക്ഷിച്ച് നിതീഷ് വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. ലാലുപ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദളുമായുള്ള സൗഹൃദം ഉപേക്ഷിച്ച്, മുഖ്യമന്ത്രി സ്ഥാനം രാജി വച്ചാണ് നിതീഷ്കുമാര്‍ ബിജെപി സഖ്യം രൂപീകരിച്ച് 2017 ജൂലൈ 27 ന് വീണ്ടും ബീഹാറില്‍ അധികാരത്തിലെത്തിയത്.