പാറ്റ്ന: ആര്‍.ജെ.ഡിയുമായി തെറ്റിപ്പിരിഞ്ഞ നീതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. രാവിലെ 11നാണ് വിശ്വാസ വോട്ടിനായി നിയമസഭ ചേര്‍ന്നത്. 243 അംഗ നിയമസഭയില്‍, ബിജെപിയുടെ പിന്തുണയടക്കം നിതീഷിനൊപ്പം 124 അംഗങ്ങളാണുണ്ടായിരുന്നത്. 122 അംഗങ്ങളുടെ പിന്തുണയായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടിയിരുത്. എന്നാല്‍ ചെറുപാര്‍ട്ടികളുടേതുള്‍പ്പെടെ 131 എം.എൽ.എമാർ നിതീഷ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു . 108 എം.എൽ.എമാരാണ് എതിർത്ത് വോട്ട് ചെയ്തത്.

അതേസമയം ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ജെ.ഡി.യുവിനൊപ്പം നില്‍ക്കുന്ന നിരവധി അംഗങ്ങള്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അവകാശപ്പെട്ടു. നിതീഷിന്‍റെ നീക്കത്തോട് യോജിക്കാനാകില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്.