ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നിതീഷിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. അഴിമതി കേസിൽ ഉൾപ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നിതീഷിന്റെ അപ്രതീക്ഷിത രാജി. അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി വ്യാപക പ്രതിഷേധം അരങ്ങേറി. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്‍.ജെ.ഡിയെ ക്ഷണിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദി, തേജസ്വി യാദവിനേയും അ‍ഞ്ച് എം.എല്‍.എമാരേയും ചര്‍ച്ചക്ക് വിളിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിന് ഗവർണർ രണ്ട് ദിവസത്തെ സമയം അനുവദിച്ചു.

ഒന്നരമാസത്തിലധികം നീണ്ടുനിന്ന ശീതസമരത്തിനൊടുവിലാണ് ലാലുപ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദളുമായുള്ള സൗഹൃദം ഉപേക്ഷിച്ച് നിതീഷ്കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അഴിമതി ആരോപണം നേരിടുന്ന ലാലുപ്രസാദ് യാദവിന്‍റെ മകൻ തേജസ്വി യാദവ് രാജിവെക്കാത്ത സാഹചര്യത്തിലായിരുന്നു നിതീഷ് കുമാറിന്റെ അസാധാരണ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് തന്റെ രാജിയെന്നും ഗവര്‍ണര്‍ കേസരി നാഥ് തൃപാഠിക്ക് രാജികത്ത് കൈമാറിയ ശേഷം നിതീഷ്കുമാര്‍ പറഞ്ഞു.

ലാലുപ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരിക്കെ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന തേജസ്വിയാദവ് രാജിവെക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടെങ്കിലും മകനെ മാറ്റാൻ ലാലുപ്രസാദ് യാദവ് തയ്യാറായില്ല. ഇതോടെ ആരംഭിച്ച ഏറ്റുമുട്ടൽ പരസ്യപോരിലേക്ക് വരെ നീങ്ങിയിരുന്നു. അതിനൊടുവിലാണ് നിതീഷ് കുമാര്‍ രാജിവെച്ചത്. നിതീഷിന്റെ രാജിയോടെ തകര്‍ന്നത് മതേതര പാര്‍ടികൾ ചേര്‍ന്ന് ബീഹാറിലുണ്ടാക്കിയ മഹാസഖ്യം കൂടിയാണ്. നിതീഷിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് ഏറ്റവും കക്ഷി എന്ന നിലയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും പറഞ്ഞു.

ബി.ജെ.പി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നിതീഷ്കുമാര്‍ എൻ.ഡി.എ വിട്ട് 2014ൽ പുതിയ രാഷ്ട്രീയ നീക്കം നടത്തിയത്. പിന്നീട് 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശത്രുതകൾ മറന്ന് ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി. ആ സഖ്യം ഉപേക്ഷിച്ച് നിതീഷിന്റെ നീക്കം വീണ്ടും എൻ.ഡി.എയിലേക്ക് തന്നെയാണ്. 243 അംഗ നിയമസഭയിൽ 71 അംഗങ്ങളുടെ പിന്തുണ മാത്രമെ നിതീഷിനുള്ളു. 80 അംഗങ്ങളുടെ ആര്‍.ജെ.ഡിയെ ഉപേക്ഷിക്കുമ്പോൾ ബി.ജെ.പിയുടെ 53 അംഗങ്ങൾ നിതീഷിനെ പിന്തുണക്കും. കാലം ആഗ്രഹിച്ചതാണ് ബീഹാറിൽ സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.