കീകി ഡാന്‍സ് ചലഞ്ച് വിലങ്ങായത് ബിഗ് ബോസ് ഫെയിം നിവേദിത ഗൗഡയ്ക്കാണ്. താരത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ബംഗളുരു: കീകി ഡു യു ലവ് മി എന്ന പോപ് സോംഗിനൊപ്പം അല്‍പ്പം സാഹസികമായി ചുവടുവയ്ക്കുന്നതാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ തരംഗം. എന്നാല്‍ സാഹസികത അതിരുകടന്നപ്പോള്‍ സംഭവിച്ചതത്രയും അപകടങ്ങളാണ്. ഇതോടെ പലയിടങ്ങളിലും കീകി ഡാന്‍സ് ചലഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഒടുവിലായി ഇന്ത്യയില്‍ ബംഗളുരു പൊലീസാണ് കീകിയെ വിലക്കിയിരിക്കുന്നത്.
ഈ വിലക്ക് എന്നാല്‍ വിലങ്ങായത് ബിഗ് ബോസ് ഫെയിം കന്നഡ സിനിമാ താരം നിവേദിത ഗൗഡയ്ക്കാണ്. ഒരു മാസം മുമ്പ് കീകി തരംഗമായി തുടങ്ങുന്ന സമയത്ത് നിവേദിത ഏറ്റെടുത്ത കീകി ഡാന്‍സ് ചലഞ്ച് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ താരത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ബാംഗ്ലൂര്‍ പൊലീസ് കീകി നിരോധിച്ചത് താന്‍ അറിഞ്ഞില്ലെന്നും വിലക്കിനെ കുറിച്ച് മനസ്സിലായതോടെ വീഡിയോ പിന്‍വലിച്ചുവെന്നും നിവേദിത വ്യക്തമാക്കി. ആരും കീകി ചലഞ്ച് ഏറ്റെടുക്കരുതെന്നും നിവേദിത ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവേദിത ഇക്കാര്യം തുറന്ന് പറഞ്ഞത്.
കീകി ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തതിന്‍റെ പേരില്‍ ഒരു കന്നഡ ആക്ടിവിസ്റ്റ് നിവേദിതയ്ക്കെതിരെ പരാതി നല്‍കിയതായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബംഗളുരു പൊലീസ് ഇതുവരെയും നിവേദിതയ്ക്കെതിരെ കേസ് എടുത്തിട്ടില്ല. ബംഗളുരു പൊലീസ് കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടകയില്‍ കീകി ചലഞ്ച് വിലക്കിയത്. കീകി ചലഞ്ചിന് വേണ്ടി റോഡില്‍ ഡാന്‍സ് ചെയ്താല്‍ പിന്നീട് അഴിക്കുള്ളില്‍ ഡാന്‍സ് ചെയ്യേണ്ടി വരുമെന്നായിരുന്നു സംഭവത്തെ കുറിച്ച് ബംഗളുരു പൊലീസ് ട്വീറ്റ് ചെയ്തത്.
അമേരിക്കന്‍ കൊമേഡിയന്‍ ഷിഗ്ഗി ജൂണില്‍ പോസ്റ്റ് ചെയ്ത ഡാന്‍സ് രംഗങ്ങളാണ് ചലഞ്ചിന് തുടക്കമിട്ടത്. എന്നാല്‍ ഈ ചുവടുകള്‍ തീര്‍ത്തും മാറ്റി അപകടകരമായ രീതിയിലാണ് ഡാന്‍സ് ചലഞ്ച് മുന്നേറുന്നത്. കീകി ചലഞ്ച് ഏറ്റെടുക്കുന്നതില്‍നിന്ന് മക്കളെ പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസും കീകിക്കെതിരെ മുംബൈ, ദില്ലി പൊലീസും രംഗത്തെത്തിയിരുന്നു.
