സഹോദരന്മാരെ ഭീഷണിപ്പെടുത്തിയതടക്കം തടവ് ശിക്ഷയിലിരിക്കെ നിസാം ചെയ്ത ഫോൺകോളുകൾ, ബംഗലുരുവിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ യാദൃശ്ഛികമായി സംഭവിച്ചതാണെന്ന രീതിയിലായിരുന്നു ദക്ഷിണമേഖലാ ജയിൽ ഡഐജി ഇന്നലെ പറഞ്ഞത്.

ജയിലിലെ പരിശോധനയിൽ ഫോണൊന്നും കണ്ടെത്തിയില്ലെന്നും പറയുന്നതിലൂടെ ഇതിനു മുൻപുള്ള ഫോൺ കോളുകളിലേക്കോ, ഉദ്യോഗസ്ഥ ഒത്താശയിലേക്കോ സാധ്യത നീട്ടാതെ, അകമ്പടി പോയ പൊലീസിന് സംഭവിച്ച വീഴ്ച്ച മാത്രമായി ചുരുക്കുന്നതായി ജയിൽ ഡിഐജിയുടെ സന്ദർശനത്തിന് ശേഷമുള്ള പ്രതികരണം. നിസാം ജയിലിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘവുമായി സംസാരിച്ചതിനെക്കുറിച്ചുള്ള മറുപടി ഇങ്ങനെ.

ഫോൺ കോളുകൾ എപ്പോൾ നടന്നുവെന്നത് പോലും ശ്രദ്ധിക്കാതെയായിരുന്നു ഈ പരിശോധനയും പ്രതികരണവുമെന്ന് വ്യക്തം. ജയിലിൽ നിസാമിന്‍റെ ഫോണുപയോഗത്തിന്റെ നാൾവഴികളിങ്ങനെയാണ്

ഏഷ്യാനെറ്റ് ന്യൂസിനോട് നിസാം സംസാരിച്ച അതേ നമ്പരുകളായ 8769 731 302, 9746 576553 എന്നീ നമ്പരുകളിൽ നിസാം ഫോണുപയോഗിക്കുന്നതായി കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ ഭാര്യ പരാതി നൽകുന്നത് 2 ആഴ്ച്ചകൾക്ക് മുൻപ്. മാത്രവുമല്ല, ഏഷ്യാനെറ്റ് ന്യൂസ് സംഘം നിസാമിനെ ജയിലിലെ ഇതോ മൊബൈൽ നമ്പരിലേക്ക് ബന്ധപ്പെടുന്നത് കഴിഞ്ഞ മാസം 20നുമാണ്. സെപ്തംബർ 20ന് രാവിലെ ഏഴരക്കും എട്ടരക്കും ഇടയിലായിരുന്നു ഇത്. സെൻട്രൽ ജയിൽ പരിധിയിൽ പള്ളിക്കുന്ന് ടവർ ലൊക്കേഷനിലായിരുന്നു ഈ നമ്പറുകള്‍.

ചുരുക്കത്തിൽ മാസങ്ങളായി നിസാമിന് ഫോണുപയോഗിക്കുന്നതിൽ ലഭിച്ച ഉദ്യോഗസ്ഥ ഒത്താശ ഗൗരവമായി അന്വേഷിക്കപ്പെടുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നതാണ് ഈ നീക്കങ്ങൾ. ഇക്കാര്യത്തിൽ ജയിൽ ഡിജിപിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടാണ് നിർണ്ണായകം. ഏതായാലും ടി.പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫേസ്ബുക്കും മറ്റുമായി ഫോണുപയോഗിച്ച സംഭവത്തിന് ശേഷം പ്രഖ്യാപിച്ച ക‍ർശന നടപടികളെല്ലാം പാഴ്വാക്കായ അവസ്ഥ.