അപകീര്‍ത്തിപരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരായി രണ്ട് വര്‍ഷം മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പോസ്റ്റുകളുടെ ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ്.
തിരുവനന്തപുരം: അപകീര്‍ത്തിപരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരായി രണ്ട് വര്‍ഷം മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പോസ്റ്റുകളുടെ ലിങ്ക് നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ്. 2017 മാര്‍ച്ച് ഒന്നിന് നല്‍കിയ പരാതിയില്‍ 2019 ജനുവരി 14നാണ് ചെന്നിത്തലയ്ക്ക് മറുപടി ലഭിച്ചത്.
പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം സെല്‍ അന്വേഷണം നടത്തിയെങ്കിലും പരാതിയില്‍ പറയുന്ന പോരാളി ഷാജി, ചെഗുവേര ഫാന്‍സ് ഡോട് കോം എന്നീ പേജുകളില്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും ലിങ്ക് ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നുമാണ് മറുപടി.
മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ അവഹേളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നവരെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യുന്ന പൊലീസ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയെ തള്ളിക്കളഞ്ഞെന്നും പദവിയെ അവഹേളിച്ചതായും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിക്കുന്നു. അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാനും നീക്കമുണ്ട്.
സിപിഎമ്മിന്‍റെ സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളായതിനാലാണ് പൊലീസ് അലംഭാവം കാണിക്കുന്നതെന്നും ആരോപണമുണ്ട്. അവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും ഇത്രയും വൈകി നടപടി വരുന്നതിന് കാരണം അവരെ സഹായിക്കാനാണെന്നാണ് ആക്ഷേപം.

