2013ലാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പാസാക്കിയ ഒരു പ്രമേയം പരിഗണിച്ചാണ് പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ചത്. പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ചു എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു അന്ന് പാര്‍ട്ടി സംസ്ഥാന ഘടകം ഉയര്‍ത്തിയത്. കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറയറ്റും. പ്രമേയം പരിഗണിച്ച കേന്ദ്ര കമ്മിറ്റി, വി.എസിനെതിരെ ഉടനെയൊരു അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിക്കുകയും പോളിറ്റ് ബ്യൂറോ കമ്മീഷനെ നിയോഗിച്ച് നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തെത്തി ഒരു തവണ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം ആരാഞ്ഞിരുന്നു. തുടര്‍ന്ന് മറ്റ് നടപടികളൊന്നും ഉണ്ടായില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെയാണ് പി.ബി യോഗത്തില്‍ വെയ്ക്കുന്നത്. റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പരാതികളില്‍ ചിലതില്‍ കഴമ്പുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തണം എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അടക്കം മുന്നോട്ടുവെച്ച നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ ഐക്യത്തിന് ഭംഗം വരുത്തുന്ന നടപടികളിലേക്ക് പോകുന്നില്ല. മറിച്ച് ഐക്യം തകര്‍ക്കരുതെന്ന പൊതു നിര്‍ദ്ദേശമായിരിക്കും കമ്മീഷന്‍ മുന്നോട്ടുവെയ്ക്കുന്നത്. തന്നെ സംസ്ഥാന ഘടകത്തില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതി നേരത്തെ കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടാനാണ് തീരുമാനം.