ബലാൽസംഗ കേസിൽ ഓര്‍ത്തഡോക്സ് സഭ വൈദികരുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വൈദികര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കീഴടങ്ങാൻ ഒരാഴ്ചത്തെ സമയം വൈദികര്‍ക്ക് കോടതി നൽകി. കേരള പൊലീസ് നൽകിയ അന്വേഷണ വിവരങ്ങടങ്ങിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേസിലെ വൈദികരായ അബ്രഹാം വര്‍ഗീസിന്‍റെയും ജെയ്സ് കെ. ജോര്‍ജിന്‍റെയും മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്.

ദില്ലി:ബലാൽസംഗ കേസിൽ ഓര്‍ത്തഡോക്സ് സഭ വൈദികരുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വൈദികര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കീഴടങ്ങാൻ ഒരാഴ്ചത്തെ സമയം വൈദികര്‍ക്ക് കോടതി നൽകി. കേരള പൊലീസ് നൽകിയ അന്വേഷണ വിവരങ്ങടങ്ങിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേസിലെ വൈദികരായ അബ്രഹാം വര്‍ഗീസിന്‍റെയും ജെയ്സ് കെ. ജോര്‍ജിന്‍റെയും മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. മുൻകൂര്‍ ജാമ്യം നൽകേണ്ട കേസല്ല ഇതെന്ന് കോടതി പറഞ്ഞു. വൈദികര്‍ ഓഗസ്റ്റ് 13ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ കീഴടങ്ങണം. 

കീഴടങ്ങിയ ശേഷം അന്നുതന്നെ ജാമ്യത്തിന് അപേക്ഷിക്കാം. ഇവരുടെ ജാമ്യാപേക്ഷ അന്നേ ദിവസം തന്നെ വിചാരണ കോടതി പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ആദ്യം രണ്ടാഴ്ചയ്ക്കകം വൈദികര്‍ കീഴടങ്ങണം എന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. എന്നാൽ ഓഗസ്റ്റ് 13ന് കീഴടങ്ങാമെന്ന് വൈദികരുടെ അഭിഭാഷകര്‍ തന്നെ അറിയിക്കുകയായിരുന്നു. 

പീഡനത്തിന് ഇരയായ വീട്ടമ്മയുടെ പരാതി ഏറെ ഗൗവമുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വൈദികര്‍ ആരോപിക്കുന്നതുപോലെ വീട്ടമ്മയെ സംശയിക്കേണ്ട ഒരു സാഹചര്യവും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസിലെ ഒന്നാംപ്രതി ഫാ. അബ്രഹാം വര്‍ഗീസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോക്കെതിരെയുള്ള പരാതി വിചാരണക്കോടതിയിൽ ഉന്നയിക്കാൻ പീഡനത്തിന് ഇരയായ വീട്ടമ്മയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.