പത്തനംതിട്ട: ആംബുലന്‍സ് കിട്ടാതെ ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ 
നിര്‍ദേശം. ആംബുലൻസ് കിട്ടാതായ സാഹചര്യം എന്തെന്ന് പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസം രാത്രിയാണ് ആംബുലന്‍സ് കിട്ടാതെ ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ചത്. 

പത്തനംതിട്ട റാന്നിക്ക് സമീപം അരയാഞ്ഞിലിമണ്ണ് സ്വദേശി സുനജയാണ് ആംബുലന്‍സ് കിട്ടാതെ വന്നതിനെത്തുടര്‍ന്ന് വീട്ടില്‍ പ്രസവിച്ചത്. ഭര്‍ത്താവ് വൈശാഖ് മണിക്കൂറുകളോളം ആംബുലന്‍സിനായി അലഞ്ഞെങ്കിലും കിട്ടിയില്ല. വനാതിര്‍ത്തിയിലാണ് ഇവരുടെ താമസം. കടുത്ത വേദനയായിരുന്നതിനാല്‍ സുനജക്ക് ഓട്ടോയില്‍ യാത്ര ചെയ്യാനാകുമായിരുന്നില്ല. ആംബുലന്‍സിനായി റാന്നി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്ത ശേഷം കട്ട് ചെയ്യുകയായിരുന്നുവെന്ന് വൈശാഖ് പറയുന്നു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയെങ്കിലും ആംബുലന്‍സ് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും വൈശാഖ് പരാതിപ്പെടുന്നു. 

ഇതിനിടെ സുനജ വീട്ടില്‍ വച്ച് പ്രസവച്ചു. കടുത്ത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പിന്നീട് അമ്മയേയും കുഞ്ഞിനേയും പൊലീസ് സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈശാഖിന്‍റെ പരാതിയെത്തുടര്‍ന്ന് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. മനുഷ്യാവകാശ കമ്മിഷനടക്കം പരാതി നല്‍കാനാണ് വൈശാഖിന്‍റെ തീരുമാനം.