തിരുവനന്തപുരം: മുന്‍ മന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍ കെണിക്കേസില്‍ മംഗളം സി ഇ ഒ അജിത് കുമാര്‍, എസ് ജയചന്ദ്രന്‍ എന്നിവര്‍ക്ക് ജാമ്യമില്ല. കേസില്‍ അറസ്റ്റിലായ മറ്റു മൂന്നു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായി കണ്ടെത്താത്ത സാഹചര്യത്തിലാണ് സി ഇ ഒ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചത്.
ഫോണ്‍കെണിക്കേസില്‍ അറസ്റ്റിലായ മംഗളം സി ഇ ഒ അജിത് കുമാര്‍, ജയചന്ദ്രന്‍ ഉള്‍പ്പടെ ഒമ്പത് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ശശീന്ദ്രന്റെ എഡിറ്റ് ചെയ്ത ഫോണ്‍ സംഭാഷണം മാത്രമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതും പൊലീസ് കണ്ടെടുത്തതും. ശബ്ദരേഖയുടെ പൂര്‍ണരൂപം പൊലീസിന് കണ്ടെടുക്കാനായില്ല. ഇത് സൂക്ഷിച്ച ലാപ്‌ടോപ്പും പെന്‍ഡ്രൈവും നഷ്ടപ്പെട്ടതായി കാണിച്ച് അജിത് പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് ഒന്നും രണ്ടും പ്രതികളായ അജിത്തിനും ജയചന്ദ്രനുമാണ് അറിയാവുന്നതെന്ന് നിരീക്ഷിച്ച കോടതി ഇരുവരുടെയും ജാമ്യം നിരസിക്കുകയായിരുന്നു. അറസ്റ്റിലായ മൂന്നുമുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ ചോദ്യം ചെയ്തു വിട്ടയച്ച ആറുമുതല്‍ ഒമ്പതുവരെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
