ഫിഫയുടെ നടപടി ക്രൊയേഷ്യയുടെ സമ്മര്‍ദം അകറ്റും

മോസ്കോ: റഷ്യൻ വിരുദ്ധ പരാമർശത്തിൽ വിവാദത്തിലായ ക്രൊയേഷ്യൻ താരം ഡൊമഗോയ് വിദയ്ക്ക് താക്കീത് മാത്രം. ഇതോടെ ഇംഗ്ലണ്ടിനെതിരായ സെമിയിൽ വിദയ്ക്ക് കളിക്കാനാകും. യുക്രൈനിലെ റഷ്യൻ വിരുദ്ധരുടെ മുദ്രാവാക്യം പരാമർശിച്ച വിദയുടെ വീഡിയോ ആണ് വിവാദമായത്. റഷ്യക്കെതിരായ മത്സരം കഴിഞ്ഞ് ഡൊമഗോയ് വിദയുടേതായി പുറത്തുവന്ന വീഡിയോയിലാണ് ഫിഫ അന്വേഷണം നടത്തിയത്.

ക്രൊയേഷ്യൻ മുൻ താരം വ്യുകോജെവികിനൊപ്പം യുക്രൈൻ അനുകൂല പരാമർശം നടത്തുകയായിരുന്നു വിദ. രാജ്യത്തെ റഷ്യൻ ഇടപെടലിന് എതിരെ യുക്രൈനിലെ റഷ്യ വിരോധികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് വിദ പറഞ്ഞത്. തന്‍റെ പഴയ ക്ലബ് ഡൈനാമോ കീവിനും യുക്രൈനും വേണ്ടിയാണ് റഷ്യയെ തോൽപ്പിച്ചതെന്ന് താരം പറഞ്ഞു.

Scroll to load tweet…

കളിക്കാർ രാഷ്ട്രീയം പറയുന്നത് നിരീക്ഷിക്കുന്ന ഫിഫ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്വേഷണം തുടങ്ങി. വിദയ്ക്ക് വിലക്കു വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തത്കാലം താക്കീത് മതിയെന്ന് അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു. വിശ്വസ്തനായ ഡിഫൻഡർ വിലക്കില്ലാതെ രക്ഷപ്പെട്ടത് ക്രൊയേഷ്യക്ക് ആശ്വാസമായി.

റഷ്യക്കെതിരെ അധിക സമയത്തെ ഗോളുമായി ക്രൊയേഷ്യക്ക് നിർണായക ലീഡ് നൽകിയ താരമാണ് വിദ. ഫുട്ബോൾ വെബ്സൈറ്റായ ഗോൾ തെരഞ്ഞെടുത്ത ക്വാർട്ടറിലെ ടീമിലും താരം ഇടംനേടി. നേരത്തെ സെർബിയക്കെതിരായ മത്സരശേഷം കൊസോവൻ അനുകൂല ആഘോഷപ്രകടനം നടത്തിയ രണ്ട് സ്വിസ് താരങ്ങൾക്കുമുളള ശിക്ഷ ഫിഫ പിഴയിൽ ഒതുക്കിയിരുന്നു.