വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. ഉച്ചക്ക് രണ്ടുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി എത്തി ഇടവക വികാരി സ്റ്റീഫനോട് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇവരാവശ്യപ്പെട്ടു. 

വയനാട്: കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍,ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നായിരുന്നു സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്. 

നാടകീയ രംഗങ്ങളാണ് കാരക്കാമല പള്ളിയില്‍ നടന്നത്. നാലരയോടെ വിശ്വാസികള്‍ കൂട്ടമായി പള്ളിയിലെത്തി വികാരി സ്റ്റീഫന്‍ കോട്ടക്കലിനെ കണ്ടു. ജനങ്ങളുടെ അറിവില്ലാതെയിറക്കിയ വാര്‍ത്താകുറിപ്പും സിസ്റ്റര്‍ക്കെതിരെയുള്ള നടപടിയും പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. രണ്ടാഴ്ച്ചക്കുള്ളില്‍ പോതുയോഗം വിളിക്കാമെന്ന് വികാരി പറഞ്ഞതോടെ കൂട്ടമണിയടിച്ച് ആളുകളെ കൂട്ടുമെന്നായി വിശ്വാസികള്‍. ഒടുവില്‍ പാരിഷ് കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗ തീരുമാനവും കാത്ത് 250ലധികം പേര്‍ അതേസമയം പുറത്ത് നില്‍ക്കുകയായിരുന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ യോഗഹാളിലേക്ക് ഇവര്‍ കൂട്ടമായി ഇടിച്ചുകയറി. ഒടുവില്‍ ഫാദര്‍ സ്റ്റീഫന്‍ പുറത്തുവന്ന് സിസ്റ്ററുടെ വിലക്ക് പിന്‍വലിച്ചതായി അറിയിച്ചു.

ഇടവക സമൂഹത്തോട് നന്ദി പറഞ്ഞ സിസ്റ്റര്‍ ലൂസി തനിക്കെതിരെയുള്ള നടപടി പിന്‍വലിച്ചതില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സഭയിലെ കൊള്ളരുതായ്മക്കെതിരെ ഇനിയും പോരാടുമെന്നും ഒരു തരത്തിലുള്ള വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേതെന്നായിരുന്നു മുന്‍പ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ പറഞ്ഞത്. ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണെന്നും 2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രിഗേഷന്‍ പ്രതിനിധികള്‍ പറഞ്ഞത്. എന്നാല്‍ സിസ്റ്റര്‍ ലൂസിക്ക് കുടുംബത്തിന്‍റെയും വിശ്വാസികളുടെയും പൂര്‍ണ്ണ പിന്തുണയാണ് ഉണ്ടായിരുന്നത്.