ഇപ്പോള്‍ 97ല്‍ നില്‍ക്കുന്ന ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തിയേക്കും. ഫ്രാന്‍സ് മൂന്നാം സ്ഥാനത്തെത്തും.

മുംബൈ: പുതിയ ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യക്ക് മുന്നേറ്റമുണ്ടായേക്കും. ഇപ്പോള്‍ 97ല്‍ നില്‍ക്കുന്ന ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തിയേക്കും. നേരത്തെ റാങ്കിങ്ങില്‍ പരിഷ്‌കാരം നടത്തുമെന്ന് ഫിഫ അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ ഇന്ത്യയുടെ റാങ്കിങ്ങിനെ ബാധിക്കില്ലെന്നാണ് വാര്‍ത്ത. എന്നാല്‍ ഭാവിയില്‍ കാര്യമായ തിരിച്ചടിയുണ്ടായേക്കും. എലോ റാങ്കിങ് രീതിയിലാണ് ഫിഫ ഇനി സ്ഥാനങ്ങള്‍ നിശ്ചയിക്കുക.

പുതിയ റാങ്കിങ് പ്രകാരം ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ലോക ചാംപ്യന്മാരായ ഫ്രാന്‍സാണ് നേട്ടമുണ്ടാക്കാന്‍ പോകുന്ന ടീം. ഫ്രഞ്ച് ടീം മൂന്നാം സ്ഥാനത്തെത്തും. എന്നാല്‍, ഒന്നാം സ്ഥാനത്തുള്ള ജര്‍മനിയുടേയും രണ്ടാം സ്ഥാനത്തുള്ള ബ്രസീലിന്റേയും റാങ്കിങ്ങില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നോട്ട് വന്ന് 15ലും എത്തും.

വ്യാഴാഴ്ച പുറത്തിറങ്ങുന്ന റാങ്കിങ് പ്രകാരം ഇന്ത്യ 351 പോയിന്റുാമായി 96ാം സ്ഥാനത്തെത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അവസാനമായി ഇന്ത്യ 96ാം റാങ്കില്‍ എത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്കിങ് ആകും ഇത്. 1996ല്‍ 94ആം റാങ്കില്‍ എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിങ്.