തിരുവനന്തപുരം: കഴക്കൂട്ടം, കാരോട് ബൈപ്പാസിന് വേണ്ടി സ്ഥലം ഏറ്റെടുത്തിട്ടും നഷ്ടപരിഹാരത്തുക കിട്ടാതെ കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍. നെയ്യാറ്റിന്‍കര തിരുപുറം വില്ലേജിലെ ആറ് കുടംബങ്ങളാണ് നഷ്ടപരിഹാരത്തുകയ്ക്കായി കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.

നെയ്യാറ്റിന്‍കരക്ക് അടുത്ത് തിരുപുറത്തെ ഒന്നര ഏക്കറില്‍ താമസിക്കുന്നത് ആറ് കുടുംബങ്ങള്‍. പലപ്പോഴായി സ്ഥലം വിലക്ക് വാങ്ങിയിട്ട് ഏറ്റവും ചുരുങ്ങിയത് 25 വര്‍ഷമായി. കഴക്കൂട്ടം കാരോട് ബൈപ്പാസിന് സ്ഥലം അളന്നപ്പോള്‍ ഏറ്റെടുക്കാന്‍ ആദ്യം തീരുമാനിച്ചതും 2014 ഓഗസ്റ്റില്‍ സെന്റിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരത്തുക നിശ്ചയിച്ചതും ഈ കുടുംബങ്ങള്‍ക്കാണ്. ഇതിനിടയിലാണ് മുന്‍ ഉടമയുടെ ബന്ധു നഷ്ടപരിഹാരത്തില്‍ അവകാശവാദവുമായി എത്തി. ഉടമസ്ഥാവകാശം അടക്കം രേഖകള്‍ ഹാജരാക്കി കേസില്‍ നിന്ന് ഊരിയെങ്കിലും ചുവപ്പുനാടയഴിഞ്ഞില്ല. 

ഒന്നര ഏക്കറിനിരുപുറവും ബൈപ്പാസിനായി ഇടിച്ചിട്ട നിലയിലാണ്. താലൂക്ക് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ നിരന്തരം കയറിയിറങ്ങിയിട്ടും പ്രശ്‌നപരിഹാരവുമായിട്ടില്ല.