2004 മുതല്‍ 2007 വരെയും 2011 മുതല്‍ പിന്നീടിങ്ങോട്ടും റവന്യൂ, വനം വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് സ്‌പെഷ്യല്‍ ഗവ. പ്ലീഡറായ സുശീലാ ആര്‍. ഭട്ടായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സുശീല ഭട്ടിനെ പുറത്താക്കി. ഇതിനെതിരെ വി.എസ് അച്യുതാന്ദന്‍ ഉള്‍പ്പെടെയുളളവവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വ്യക്തിയില്ലെങ്കില്‍ കേസ് നടക്കില്ലെന്ന അഭിപ്രായം തനിക്കില്ലെന്നായിരുന്നു സുശീലാഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ചുള്ള ചോദ്യത്തോടുളള എജിയുടെ പ്രതികരണം.

ടാറ്റയും ഹാരിസണും കരുണയും ഉള്‍പ്പെടെയുളള കേസുകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ മാറ്റം ഭൂമാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി സുശില ഭട്ട് തുറന്നടിച്ചിരുന്നു. എന്നാല്‍ സുശീല ഭട്ടിന്റെ പ്രതികരണം അനവസരത്തിലായിപ്പോയെന്ന് ബാര്‍ കൗണ്‍സില്‍ പ്രതികരിച്ചു. സുശീല ഭട്ടിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടു.