ലോക്‌സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു.

ദില്ലി: ഒരു ദിവസം മുഴുവന്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം പരാജയപ്പെടുത്തിയത്. 

ലോക്‌സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു. എഐഎഡിഎംകെയുടെ വോട്ടുകളും ബിജെപിയ്ക്കാണ് ലഭിച്ചത്. അതേസമയം തെലങ്കാനരാഷ്ട്രസമിതി, ബിജു ജനതാദള്‍, ശിവസേന എന്നീ പ്രമുഖ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 

വിശ്വാസവോട്ടെടുപ്പില്‍ പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്താന്‍ സാധിക്കാതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 140 വോട്ടുകള്‍ എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷം കണക്ക് കൂട്ടിയത്.2014-ലേത് പോലെ അസ്ഥിരമായ പ്രതിപക്ഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് അവിശ്വാസ പ്രമേയത്തിന് എതിരായ ലഭിച്ച വോട്ടുകളുടെ എണ്ണവും വോട്ടെടുപ്പില്‍ നിന്നും മാറിനിന്ന എംപിമാരുടെ എണ്ണവും സൂചിപ്പിക്കുന്നത്.

അതേസമയം അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്ത സംസാരിച്ച രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് ക്യാംപില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സര്‍ക്കാരിനെ മികച്ച രീതിയില്‍ ആക്രമിക്കാനും തന്‍റെ വാക്കുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാനും രാഹുലിന് സാധിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഒന്നരമണിക്കൂറിലേറെ സമയം ചിലവിട്ട് മോദി ഇതിന് മറുപടി പറഞ്ഞെങ്കിലും പതിവ് വിമര്‍ശനങ്ങള്‍ക്കപ്പുറം രാഹുല്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു . പ്രസംഗത്തിന്‍റെ അവസാന നാല്‍പ്പത് മിനിറ്റുകള്‍ തന്‍റെ സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങള്‍ വിശദീകരിക്കാനാണ് പ്രധാനമന്ത്രി മാറ്റിവച്ചത്. അതേസമയം മോദിയുടെ പ്രസംഗത്തിന് ശേഷം സംസാരിച്ച ടിഡിപി നേതാവ് ഒരു ബോളിവുഡ് സിനിമ കണ്ട അവസ്ഥയാണ് തനിക്കെന്നാണ് പ്രതികരിച്ചത്. 

ലോക്സഭാ തിര‍ഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും വരാം എന്ന അഭ്യൂഹം ശക്തമായിരിക്കേ അവിശ്വാസപ്രമേയത്തെ നേരിട്ടാന്‍ മോദി സര്‍ക്കാര്‍ തയ്യാറായതിനെ പലരീതിയിലാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കും എന്ന് പ്രതീക്ഷിച്ച ശിവസേനയും ബിജു ജനതാദളും വോട്ടെടുപ്പില്‍ നിന്നും മാറി നിന്നെന്ന് മോദിയേയും ബിജെപിയേയും നേരിടാന്‍ ഒരു പ്രതിപക്ഷഐക്യനിര ഇനിയും രൂപപ്പെട്ടില്ല എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറ് മിനിറ്റ് നീണ്ട തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്പോള്‍ ഇനി 2024-ലും അവിശ്വാസപ്രമേയവുമായി വരണം എന്ന വെല്ലുവിളി നടത്തിയ മോദി ബിജെപി ക്യാംപ് എത്രമേല്‍ ആത്മവിശ്വാസ്ത്തോടെയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത് എന്ന സൂചന കൂടിയാണ് നല്‍കിയത്.