തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്ന് ആദ്യ ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന് സിപിഎം. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മതേതര കക്ഷികളുമായി യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടും.

തെലങ്കാനയിൽ ബഹുജന ഇടതുമുന്നണിയിൽ ചേര്‍ന്ന് മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്ന് ആദ്യ ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും.

എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്. ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക, ആദ്യ ഘട്ടം നവംബര്‍ 12 നും,രണ്ടാം ഘട്ടം നവംബര്‍ 20 നും നടക്കും. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും.

അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നേരത്തെ, കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും വ്യക്തമാക്കിയിരുന്നു.