ഗാന്ധിനഗര്‍: മകന്‍റെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മകന്‍റെ കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച് ആരോപണത്തില്‍ അമിത് ഷാ മറുപടി പറഞ്ഞത്. മകന്‍റെ കമ്പനിക്ക് എന്തെങ്കിലും സഹായം തന്‍റെ രാഷ്ട്രീയ സ്വദീനം മൂലം ലഭിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഇവിടെ ജയ് ഷായുടെ ബിസിനസ് സംബന്ധിച്ച് ഒരു അഴിമതിയുടെയും ചോദ്യം ഉയരുന്നില്ല. കമ്പനിയുടെ വിറ്റുവരവ് കണക്കാക്കി കമ്പനി ലാഭമാണെന്ന് പറയാന്‍ സാധിക്കില്ല. ഒരു കമ്പനി വിറ്റുവരവ് 1 കോടി നേടിയാലും ആ കമ്പനിയുടെ ലാഭം 1 കോടിയാണെന്ന് പറയാന്‍ സാധിക്കില്ല.

80 കോടി വിറ്റുവരവ് നേടിയ സമയത്തും കമ്പനി 1.5 കോടി നഷ്ടത്തിലായിരുന്നു. അതിനാല്‍ തന്നെയാണ് അത് പൂട്ടിയത്. ഒരിക്കലും ജയ് ഷായ്ക്ക് ലാഭം ലഭിച്ചിരുന്നില്ല. കമ്പനിയുടെ എല്ലാ സാമ്പത്തിക ഇടപാടും ചെക്കുവഴിയാണ് നടത്തിയത്. അതിനാല്‍ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന ചോദ്യം പോലും ഉയരുന്നില്ല അമിത് ഷാ പറയുന്നു.

ഉപാധിയില്ലാത്ത വായ്പ്പ ജയ് ഷായുടെ കമ്പനിക്ക് ലഭിച്ചു എന്ന ആരോപണത്തില്‍ അത് ശരിയല്ലെന്നും. അത്തരം സംഭവം ഇല്ലെന്നും അമിത് ഷാ പറഞ്ഞു.