ദില്ലി: ദില്ലിയില്‍ നാളെ മുതല്‍ സിഎന്‍ജി ഒഴികെയുള്ള ടാക്‌സി കാറുകള്‍ക്ക് നിരോധനം. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടാക്‌സി ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഇളവുണ്ട്.രണ്ടാം ഘട്ട ഒറ്റയിരട്ടയക്ക വാഹന നിയന്ത്രണം ഇന്ന് അവസാനിക്കും.
ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിലാണ് വാഹന നിയന്ത്രണം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഒറ്റയിരട്ടയക്ക വാഹന നിയന്ത്രണത്തിനു പുറമേ മുഴുവന്‍ ടാക്‌സി കാറുകളും സിഎന്‍ജി ഇന്ധനത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പെട്രോള്‍, ഡീസല്‍ ടാക്‌സികള്‍ക്ക് സിഎന്‍ജിയിലേക്ക് മാറാന്‍ ഏപ്രില്‍ 30 വരെ സര്‍ക്കാര്‍ സമയം നല്‍കി. ഇന്ന് കാലാവധി അവസാനിക്കാനിരിക്കേ സര്‍ക്കാര്‍ നിലപാടിനെതിരെ ടാക്‌സി കാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് തള്ളി.
ഡീസല്‍ കാറുകളെ സിഎന്‍ജിയിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലെന്ന് ടാക്‌സി ഉടമകള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ബദല്‍ സംവിധാനത്തിന് ആവശ്യത്തിനു സമയം നല്‍കിയെന്നു പറഞ്ഞ കോടതി മുന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ടു പോകാമെന്ന് അറിയിച്ചു. ഇതു പ്രകാരം നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ ടാക്‌സികള്‍ക്ക് ദില്ലിയില്‍ നിരോധനമേര്‍പ്പെടുത്തും.
എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. 2000 സിസിക്കു മുകളില്‍ എഞ്ചിന്‍ ക്ഷമതയുള്ള വാഹനങ്ങള്‍ക്കുള്ള നിരോധനവും തുടരും. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ദില്ലി പൊലീസ് വാങ്ങിച്ച 2000 സിസിക്കു മുകളിലുള്ള 190 വാഹനങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക നികുതി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ദില്ലിയിലെ രണ്ടാം ഘട്ട ഒറ്റയിരട്ടയക്ക വാഹന നിയന്ത്രണവും ഇന്ന് അവസാനിക്കും.
