കോടനാട്: കോടനാട് ആനക്കളരിയില്‍ രണ്ട് കൊല്ലമായി ആനകളില്ല. പക്ഷേ ആനക്കളരി നവീകരണത്തിന് വനംവകുപ്പ് ചെലവഴിച്ചത് അഞ്ചര ലക്ഷം രൂപ. മൂന്ന് കിലോമീറ്റര്‍ ദൂരെ കപ്രിക്കാട് വനംവകുപ്പിന്റെ 'അഭയാരണ്യം' യാഥാര്‍ത്ഥ്യമായതോടെ ഇവിടത്തെ ആനകളേയും മറ്റ് വന്യജീവികളേയും അഭയാരണ്യത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പിന്നീട് കളരിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു. അതുവരെ ഇവിടെ മാസം ടിക്കറ്റിനത്തിലും മറ്റുമായി ഒന്നരലക്ഷം രൂപ വനംവകുപ്പിന് വരുമാനമുണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ആനക്കളരി പൈതൃകസ്മാരകമായി സംരക്ഷിക്കണമെന്നും ഇവിടെ ആനകളെക്കുറിച്ചുള്ള മ്യൂസിയം സ്ഥാപിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. എന്നാല്‍ ഇതിനുള്ള നടപടികളൊന്നുമുണ്ടായില്ല. 

അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ കൊമ്പനെ കൊണ്ടുവരുന്നതിന് വേണ്ടിയെന്ന് പറഞ്ഞാണ് തടി കൊണ്ട് നിര്‍മിച്ച ആനക്കൊട്ടിലിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. കൂടിന്റെ ബലക്ഷയം പരിശോധിക്കാന്‍ പുറമേ നിന്ന് ആനയെ കൊണ്ടുവന്ന ഇനത്തിലും വനംവകുപ്പ് ഫണ്ട് ചെലവഴിച്ചു. അതേസമയം അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുവന്ന ആനയെ അഭയാരണ്യത്തിലേക്ക് തിരിച്ചു കൊണ്ടുപോയി. അഭയാരണ്യത്തിലെ ഉള്‍വനത്തില്‍ താത്കാലികമായി പ്രത്യേകം കൂടുണ്ടാക്കിയാണ് ഇതുവരെ ഇണങ്ങാത്ത ഈ കൊമ്പനെ തളച്ചിരിക്കുന്നത്.

വിദേശികളുള്‍പ്പെടെയുള്ള നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടെ നിത്യസന്ദര്‍ശകരായിരുന്നു. ആനക്കളരിയുടെ പ്രതാപം വീണ്ടെടുത്ത് ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നക്ഷത്രവനവും പാര്‍ക്കും മറ്റ് സംവിധാനങ്ങളുമൊരുക്കി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കണമെന്നും ആവശ്യപ്പെട്ട് കോടനാട് മലയാറ്റൂര്‍ പൈതൃകസംരക്ഷണസമിതി സര്‍ക്കാരിന് നിവേദനം നല്‍കി.