കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഗാസിയെന്റെപ്പില്‍ വിവാഹത്തിനിടെ സ്ഫോടനമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രസിഡന്‍റ് തയ്യിബ് എര്‍ദോഗന്‍ സ്ഫോടനം നടത്തിയത് 12നും 14നും ഇടയ്ക്ക് പ്രായമുള്ള ഒരു ബാലനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ നിലപാടുകളെ തള്ളി തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രം രംഗത്തെത്തി. കുട്ടിയാണ് ചാവേറായതെന്നതിന് തെളിവുകളൊന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടി ചാവേറായെത്തിയെന്ന വാര്‍ത്ത സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സൂചന മാത്രമാണെന്നും ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും യില്‍ദ്രം പറഞ്ഞു. ഐഎസാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് സൂചന. ഭീകരവാദികളെ തുരത്താനുള്ള നടപടിയുടെ ഭാഗമായി ഐഎസ് താവളത്തിനെതിരെ തുര്‍ക്കി വീണ്ടും വ്യോമാക്രമണം നടത്തി. ശനിയാഴ്ച വിവാഹത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 54 പേരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 66 പേരില്‍ 14 പേരുടെ നില ഗുരുതരമാണ്.
