ഇത്തവണത്തെ ഹജ്ജ് കരാറില്‍ ഒപ്പു വെക്കാന്‍ ഇറാന്‍ വിസമ്മതിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. സ്വന്തം രാജ്യത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് ഇറാന്‍. സ്വീകാര്യമല്ലാത്ത ചില നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടു വെച്ചതാണ് കരാര്‍ ഒപ്പു വെക്കാതിരിക്കാന്‍ കാരണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് തന്നെ ഹജ്ജ് വിസ അനുവദിക്കുക, ഹജ്ജ് വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സിനും ഇറാന്‍ എയറിനും ഇടയില്‍ തുല്യമായി വീതിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കില്ലെന്നും ഓണ്‍ലൈന്‍ വഴി മാത്രമേ ഹജ്ജ് വിസ അനുവദിക്കുകയുള്ളൂ എന്നും സൗദി വ്യക്തമാക്കി. ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് സൗദി നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
ലോകത്തിന്‍റെ ഏതു ഭാഗത്തുള്ള മുസ്ലിംകളെയും ഹജ്ജിനായി സൗദി സ്വാഗതം ചെയ്യുന്നെന്നും പക്ഷെ അത് സൗദി മുന്നോട്ടു വെക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും സൌദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി ഇതുവരെ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ സൗദിയെ സമ്മര്‍ദത്തിലാക്കാന്‍ ഇറാന്‍ പലപ്പോഴും സ്വന്തം തീര്‍ഥാടകരെ തടഞ്ഞിട്ടുണ്ട്. ഇറാന്‍ മാത്രമാണ് ഇത്തവണത്തെ ഹജ്ജ് കരാറില്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ച രാജ്യം. ഇറാന്‍ ഹജ്ജ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സയീദ് ഔഹദിയുടെ നേത്രുത്വത്തിലുള്ള സംഘമായിരുന്നു ഇതുസംബന്ധമായ ചര്‍ച്ചയ്‌ക്കായി സൗദിയില്‍ എത്തിയത്. അതേസമയം ഇറാനില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ഥാടകര്‍ ഉണ്ടാകില്ലെന്ന് ഇറാന്‍ സാംസ്കാരിക മന്ത്രി അലി ജന്നാത്തിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ഹജ്ജ് വേളയില്‍ ഉണ്ടായ മിനാ ദുരന്തത്തിന് പ്രധാന കാരണവും ഏറ്റവും കൂടുതല്‍ മരണപ്പെട്ടതും ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരാണെന്നാണ് റിപ്പോര്‍ട്ട്.
