ദില്ലി: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസിന് ചടുലമായ നേതൃത്വം വേണമെന്ന് ഐ ഗ്രൂപ്പ് നേതാവ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയെ ഐക്യത്തോടെ കൊണ്ടുപോകുന്നതില്‍ നിലവിലെ നേതൃത്വം പരാജയപ്പെട്ടെന്നും സോണിയാഗാന്ധിയെ കണ്ട ശേഷം സുധാകരന്‍ പറഞ്ഞു. അതേസമയം നേതൃമാറ്റം ചര്‍ച്ചയിലേ ഇല്ലെന്നു വി.എം. സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

നേതൃയോഗത്തിനുമുന്‍പു നേതൃമാറ്റം ശക്തമായി ചര്‍ച്ചയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് എ,ഐ ഗ്രൂപ്പുകള്‍ സജീവമായി നടത്തിയത്. സോണിയ ഗാന്ധിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിച്ച കെ. സുധാകരന്‍ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു

അതേസമയം തികഞ്ഞ ആത്മവിശ്വസത്തിലായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വി.എം. സുധീരന്‍. പാര്‍ട്ടിയെ വെല്ലുവിളികള്‍ക്ക് സജ്ജമാക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നു സുധീരന്‍ പറഞ്ഞു.

ദില്ലിയിലെത്തിയ ഉമ്മന്‍ചാണ്ടിയും ഇന്നു സോണിയ ഗാന്ധിയെ കണ്ടിരുന്നു. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ. സുധാകരനും എ.കെ. ആന്റണിയെ കണ്ടു ചര്‍ച്ച നടത്തി. രാഹുലിന്റെ വസതിയിലേക്കു പോകും മുന്‍പ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അര മണിക്കൂറോളം പ്രത്യേക ചര്‍ച്ച നടത്തുകയും ചെയ്തു.