ചികിത്സക്കിടെ മേരി റെജി മരിച്ചതിൽ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് മേരി റെജി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം: ചികില്‍സയിലിരിക്കെ ഡോ. മേരി റെജി മരിച്ച സംഭവത്തില്‍ ആർ സി സിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സാധ്യമായ ചികില്‍സയും പരിചരണവും നല്‍കിയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം അന്വേഷണ റിപ്പോർട്ട് പ്രഹസനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡോ.മേരിയുടെ ഭർത്താവ് ഡോ.റെജി ജേക്കബ് പ്രതികരിച്ചു.

അര്‍ബുദം വീണ്ടും ബാധിച്ച് ചികിൽസക്കെത്തിയ ഡോ.മേരി റെജിയുടെ നില ഗുരുതരമായിരുന്നു. രോഗം ഭേദമാകാനുള്ള സാധ്യത കുറവാണെന്ന് കൃത്യമായി ബോധിപ്പിച്ചിരുന്നു. വയ‍ർ തുറന്നുളള ശസ്ത്രക്രിയ ചെയ്യേണ്ടി വന്ന സാഹചര്യം ഉള്‍പ്പെടെ അതാത് സമയങ്ങളില്‍ എല്ലാ കാര്യങ്ങളും ഭർത്താവിനേയും ബന്ധുക്കളേയും അറിയിച്ചിരുന്നു. രോഗി എന്നതിനൊപ്പം ഡോക്ടര്‍ എന്ന പരിഗണനയും നല്‍കി. ചികില്‍സയില്‍ പിഴവോ നീതി നിഷേധമോ ഉണ്ടായിട്ടില്ല. ഇതാണ് ആര്‍ സി സിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പറയുന്നത്. ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ആർ സി സി അഡീഷണൽ ഡയറക്ടര്‍ ഡോ.രാംദാസാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. 

എന്നാല്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നത് മാത്രമാണ് അന്വേഷിച്ചതെന്നാണ് ആര്‍ സി സിയുടെ വിശദീകരണം. അതേസമയം ഡോ. റെജി ജേക്കബ് പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിൽ , നിയമ നടപടികളുമായി മുന്നോട്ടുപോയാൽ ആരോഗ്യവകുപ്പിന് പ്രത്യേക അന്വേഷണമുള്‍പ്പെടെ നടത്തേണ്ട സാഹചര്യം ഉണ്ടാകും