സന്നിധാനത്തെ പൊലീസ് നിയന്ത്രണത്തിൽ ചില ഇളവുകൾ കൂടി നൽകുമെന്ന് പൊലീസ് ഉറപ്പു നൽകിയതായി ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. ഡിജിപിയുമായി ദേവസ്വംബോർഡ് പ്രസിഡന്‍റ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
തിരുവനന്തപുരം: സന്നിധാനത്ത് പകൽ നിയന്ത്രണം ഇനിയുണ്ടാകില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. നെയ്യഭിഷേകം നടത്താൻ ബുക്ക് ചെയ്ത ഭക്തർക്ക് സന്നിധാനത്തെ നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാകുന്നുണെന്ന് വ്യക്തമായതിനാൽ അഭിഷേകത്തിന് സമയം നീട്ടി നൽകുമെന്നും എ.പദ്മകുമാർ വ്യക്തമാക്കി. പുലർച്ചെ മൂന്നര മുതൽ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം. തീർഥാടകർക്ക് സൗകര്യപൂർവം നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും പദ്മകുമാർ വ്യക്തമാക്കി.
പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കും. നെയ്യഭിഷേകത്തിന് ബുക്ക് ചെയ്തവർക്ക് അതിന് മുൻപ് സന്നിധാനത്തെത്താൻ നടപടികളുണ്ടാകുമെന്നും പദ്മകുമാർ പറഞ്ഞു. ചട്ടപ്രകാരം മുറികൾ ബുക്ക് ചെയ്തവർക്ക് തങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല. പ്രായമായവർക്കും, കുട്ടികളുമായി വന്നവർക്കും മുറികൾ നൽകുന്നതിൽ മുൻഗണനയുണ്ടാകുമെന്നും പദ്മകുമാർ വ്യക്തമാക്കി.
ശുചിമുറികളൊരുക്കുമെന്ന് ദേവസ്വംബോർഡ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
600 പുതിയ ശുചിമുറികൾ നിലയ്ക്കൽ സജ്ജീകരിക്കുമെന്ന് എ.പദ്മകുമാർ വ്യക്തമാക്കി. പമ്പയിൽ ബയോ ടോയ്‍ലറ്റുകളൊരുക്കും. പ്രളയത്തിൽ തകർന്ന പമ്പയിലെയും നിലയ്ക്കലെയും താൽക്കാലിക ശുചിമുറികളിൽ മനുഷ്യവിസർജ്യം നിറഞ്ഞ് ബ്ലോക്കായി ഉപയോഗശൂന്യമായ വാർത്ത റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസാണ്. പമ്പയിലും നിലയ്ക്കലും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് സൗകര്യങ്ങളില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായി കഴിയാൻ എല്ലാ സൗകര്യങ്ങളൊരുക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് ഉറപ്പ് നൽകി.
പതിനായിരം പേർക്ക് കൂടി വിരി വയ്ക്കാൻ സൗകര്യമൊരുക്കും. 25,000 വാഹനം പാർക്ക് ചെയ്യാൻ നടപടിയുണ്ടാകുമെന്നും എ.പദ്മകുമാർ അറിയിച്ചു.

