സി.ഐ.എസ്.എഫിന്റെ ഉന്നത ഉദ്ദ്യോഗസ്ഥരും പ്രമുഖ വിമാനക്കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിസംബര്‍ 15 മുതല്‍ യാത്രക്കാര്‍ക്ക് ഹാന്റ് ബാഗുകളില്‍ സെക്യൂരിറ്റ് സ്റ്റാമ്പ് പതിപ്പിക്കേണ്ടതില്ല. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാം. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ക്ക് ഇത് ബാധകമാണ്. ബാഗുകളുടെ എക്സ് റേ പരിശോധനയും സിസിടിവി അടക്കമുള്ള സംവിധാനങ്ങളും വിമാനത്താവളങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ സെക്യൂരിറ്റി സ്റ്റാമ്പിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലാണ് സി.ഐ.എസ്.എഫിന് ഉള്ളത്. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ബാഗേജ് വിമാനത്തില്‍ കയറ്റാന്‍ യോഗ്യമാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് സെക്യൂരിറ്റ് സ്റ്റാമ്പ് പതിപ്പിച്ചിരുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളിലാണ് ഇത് ഒഴിവാക്കാന്‍ പോകുന്നത്.

പലപ്പോഴും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം സെക്യൂരിറ്റി സ്റ്റാമ്പ് പതിപ്പിക്കാന്‍ മറന്നുപോകുന്ന യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും പിന്നീട് സ്റ്റാമ്പ് ചെയ്യാനായി ഉദ്ദ്യോഗസ്ഥരെ വീണ്ടും സമീപിച്ച് പരിശോധനക്ക് വിധേയമാകുയും ചെയ്യേണ്ടി വരുന്ന സ്ഥിതിയുണ്ട്. യാത്രക്കാരുടെ പ്രായമോ ആരോഗ്യ സ്ഥിതിയോ ഒന്നും പരിഗണിക്കാതെയായിരിക്കും ഈ തിരിച്ചയ്ക്കല്‍. ഇതിന് ഇനി അവസാനമാവും. ആദ്യ ഘട്ട പരീക്ഷണത്തിന് ശേഷം മറ്റ് വിമാനത്താവളങ്ങളിലും ഇതേ സംവിധാനം കൊണ്ടുവരും