രാജ്യത്തിന്റെ ധനകാര്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി പെട്രോളിയം-പാചക വാതക ഉല്‍പാദനം, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പ് സേവനങ്ങള്‍ തുടങ്ങിയവ സ്വകാര്യവത്കരിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും എണ്ണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായ അനസ് അല്‍ സാലെ അറിയിച്ചു. കൂടാതെ, വ്യക്തികളോ സംരംഭങ്ങളോ കുത്തകയാക്കാന്‍ സാധ്യതയുള്ള സര്‍ക്കാര്‍ ആസ്തികള്‍ വില്‍ക്കാനും നീക്കമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരമില്ലാതെ സാമ്പത്തിക പരിഷ്‌കരണ നിര്‍ദേശമനുസരിച്ച് നിയമങ്ങള്‍ മാറ്റാനോ ഭേദഗതികള്‍ വരുത്താനോ സര്‍ക്കാറിനാവില്ലെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരിഷ്‌കരണ നിര്‍ദേശങ്ങളിലെ ചില ഭാഗങ്ങള്‍ക്ക് മാര്‍ച്ച് 14 ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ടെന്നും അവ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ ഉത്തരവുകള്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന അനുശാസിക്കുന്ന വികസന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന്റെ സമ്പത്തും നിക്ഷേപവും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അടിസ്ഥാനപരമായ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ക്കു ലഭിക്കേണ്ട അടിസ്ഥാനപരമായ സേവനങ്ങളും ആനുകൂല്യങ്ങളും സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ അടിയറവയ്‌ക്കില്ല. സ്വദേശികള്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണമെന്നതുമാണ് പരിഷ്‌കരണ പദ്ധതിയുടെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.