പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട

ദില്ലി: പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കുമ്പോള്‍ വിവാഹിതരോട് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ചട്ടം ഒഴിവാക്കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിവാഹ മോചിതരായ സ്ത്രീകളോട് മുന്‍ ഭര്‍ത്താവിന്‍റെ പേര് എഴുതാന്‍ ആവശ്യപ്പെടരുത്. അകന്ന് കഴിയുന്ന ഭര്‍ത്താവിന്‍റെയോ കുട്ടികളുടെയോ വിവരങ്ങള്‍ ചോദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നമതക്കാരായ ദമ്പതികൾക്ക് പാസ്പ്പോര്ട്ട് നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് സുഷമയുടെ പ്രഖ്യാപനം.

അതേസമയം ഭിന്നമതസ്ഥരയ ദമ്പതികൾക്ക് പാസ്പോർട്ട് അനുവദിക്കാതിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത സുഷമ സ്വരാജിന് സ്വന്തം ചേരിയിൽ നിന്ന് തന്നെ അക്രമണം .നേരിടേണ്ടി വന്നിരിക്കുകയാണ്. കൊലപാതക ഭീഷണി വരെ സംഘപരിവാര്‍ സൈബര്‍ സംഘത്തിൽ നിന്നുണ്ടായതായാണ് വിവരം. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി അധ്യക്ഷനോ വിഷയത്തിൽ പ്രതികരിച്ചില്ല. 

മിശ്രവിഹാതര്‍ക്ക് പാസ് പോര്‍ട്ട് ലഭിക്കണമെങ്കിൽ മതം മാറണമെന്ന് ആവശ്യപ്പെട്ട ലക്നൗ പാസ്പോര്ട്ട് ഓഫീസറെ സ്ഥലം മാറ്റിയതാണ് സംഘപരിവാര്‍ സൈബര്‍ സംഘത്തെ ചൊടിപ്പിച്ചത്. വസ്തുതകള്‍ മനസിലാക്കി വേണം നടപടിയെടുക്കാനെന്നായിരുന്ന മന്ത്രിക്കുള്ള മുന്നറിയിപ്പ്. ന്യൂനപക്ഷ പ്രീണനത്തിനാണ് ശ്രമമെന്നും സുഷമയ്ക്കെതിരെ ആരോപണം ഉയര്‍ന്നു. 

സംഘപരിവാർ പശ്ചാത്തലമുള്ള അക്കൗണ്ടുകളിൽ നിന്നാണ് കമന്റുകൾ. മന്ത്രിയുടെ ഫേസ് ബുക്ക് പേജിലും ശക്തമായ ആക്രമണമാണ് തുടരുന്നത്. എന്നാല്‍ ട്രോളുകളും കമന്റുകളും ഇഷ്ടപ്പെടുന്നുണ്ടെന്ന് സുഷമയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയന്ത്രിക്കുന്ന ബിജെപി ഐ.ടി സെല്ലിലെ അംഗങ്ങളാണ് സുഷമയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു