ദില്ലി: നോട്ട് പ്രതിസന്ധി എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അക്കൗണ്ടുള്ള ശാഖയില്‍ നോട്ടു മാറുന്നവര്‍ക്ക് ചില ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രാഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ല. രാജ്യത്തെ മെട്രോനഗരങ്ങളില്‍ അസാധു നോട്ടുകള്‍ മാറ്റുമ്പോള്‍ കയ്യില്‍ മഷിയടയാളം പതിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷിയടയാളം പതിപ്പിക്കുന്നത്. മഷി കിട്ടാത്ത ബാങ്കുകളില്‍ മാര്‍ക്കര്‍ കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. അക്കൗണ്ട് ഉള്ളവര്‍ക്ക് മഷി പുരട്ടാതെ പണം മാറ്റാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആഴയക്കുഴപ്പം ഒഴിവാക്കുന്നതിന് എല്ലാവരുടെ കയ്യിലും മഷി ഇപ്പോള്‍ പുരട്ടുകയാണ്. മാത്രമല്ല എല്ലാ ബാങ്കുകളിലും ഈ നിര്‍ദ്ദേശം എത്തിയിട്ടുണ്ട്.

പഴയ നോട്ടുകള്‍ കൈമാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ട് മാറാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ഹാജരാക്കണം. നോട്ട് മാറാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച് നല്‍കുന്ന ഫോമിലെ വിവരങ്ങളുമായി ഒത്തു നോക്കാനായാണ് ഇത്. നോട്ട് മാറാന്‍ എത്തുന്നവരില്‍ നിന്ന് ഇതുവരെ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകളും ബാങ്കുകള്‍ വാങ്ങിയിരുന്നു.

ഇതിനിടെ 5000 രൂപക്ക് മുകളിലുള്ള ട്രയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ പണം നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ടിക്കറ്റെടുത്ത് കള്ളപ്പണം വെളിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 24 വരെയാണ് ടിക്കറ്റ് റദ്ദാക്കലിനുള്ള നിയന്ത്രണം. ട്രെയിനില്‍ വന്‍തുകയ്ക്ക് എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പണമാക്കി മാറ്റുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നടപടി.

എടിഎമ്മുകളില്‍ 2000 രൂപയുടേയും 500 രൂപയുടേയും നോട്ടുകള്‍ എത്താന്‍ 10 ദിവസം കൂടിയെടുക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. എടിഎമ്മുകള്‍ പുനക്രമീകരിച്ചാല്‍ മാത്രമേ പുതിയ നോട്ടുകള്‍ വയ്‌ക്കാന്‍ കഴിയൂ.