സംഭരണശേഷി പൂർണമായും നിറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്ന് ഇടുക്കി കള്ക്ട്രേറ്റിൽ ചേർന്ന അവലോകനയോ​ഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി: സംഭരണശേഷി പൂർണമായും നിറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്ന് ഇടുക്കി കള്ക്ട്രേറ്റിൽ ചേർന്ന അവലോകനയോ​ഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. 

മഴയുടേയും നീരൊഴുക്കിന്റേയും ശക്തി നോക്കിയ ശേഷമേ ഇനി ഡാം തുറക്കുന്ന കാര്യം പരി​ഗണിക്കൂ എന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 2396.12 അടിയാണ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 

എന്നാല്‍ അത്രയും കാത്തുനില്‍ക്കാതെ 2398 അടിയായാല്‍ തന്നെ മുന്നറിയിപ്പ് കൊടുത്ത് ട്രയല്‍ റണ്‍ നടത്താനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മുന്നറിയിപ്പ് നല്‍കി 24 മണിക്കൂറിനുള്ളില്‍ ട്രയല്‍ റണിനായി ഒരു ഷട്ടര്‍ ഉയര്‍ത്തും. 40 സെമീ വരെ ഉയര്‍ത്തി അടുത്ത നാല് മണിക്കൂര്‍ ഈ ഷട്ടറിലൂടെ വെള്ളം തുറന്നുവിടും. 

നേരത്തെ പെയ്ത മഴ അതേ പോലെ തുടര്‍ന്നിരുന്നുവെങ്കില്‍ ഇതിനോടകം ഡാം തുറന്നേനെ എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. മഴയും കുറവാണ് അവിടേയ്ക്കുള്ള നീരൊഴുക്കും കുറവാണ്. നല്ല രീതിയില്‍ വൈദ്യുതി ഉല്‍പാദനം നടത്തുന്നുമുണ്ട് അതിനാല്‍ തന്നെ ഇപ്പോള്‍ ഡാം തുറക്കേണ്ട കാര്യമില്ല. മഴ ശക്തമായി നീരൊഴുക്ക് കൂടിയാല്‍ മാത്രമേ ഇനി ഡാം തുറക്കുന്ന കാര്യം ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി എം.എം.മണി പറഞ്ഞു. 

ഇടുക്കി ഡാമിലെ ഇന്നത്തെ ജലനിരപ്പ് 

  • രാവിലെ 7 മണി 2396.10
  • രാവിലെ 8 മണി 2396.12
  • രാവിലെ 9 മണി 2396.12
  • രാവിലെ 10 മണി 2396.12
  • രാവിലെ 11 മണി 2396.12