വിജയവാഡ: ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളില്‍ ഈ വര്‍ഷം മുതല്‍ പുതുവത്സരാഘോഷങ്ങള്‍ വിലക്കിക്കൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എന്‍ഡോവ്‍മെന്റ്സ് വകുപ്പാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഹിന്ദു വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ജനുവരി ഒന്നിന് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പുതുവത്സരാഘോഷം സംഘടിപ്പിക്കരുതെന്നാണ് വകുപ്പ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തെലുങ്ക് പാരമ്പര്യം മറന്ന് പുതുവത്സരത്തില്‍ ഹിന്ദുക്ഷേത്രത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ശരിയല്ലെന്ന് കത്തില്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ജനങ്ങള്‍ ബ്രിട്ടീഷുകാരുടെ സംസ്കാരമാണ് പിന്‍പറ്റുന്നത്. ചൈത്ര മാസത്തിലെ ഒന്നാം തീയ്യതിയാണ് നമ്മുടെ പാരമ്പര്യം അനുസരിച്ചുള്ള പുതുവര്‍ഷം. അതിന് പകരം വിശ്വാസികളുടെ പണം കൊണ്ട് ജനുവരി ഒന്നിന് പതുവത്സരാഘോഷം സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു. ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സമുദായ സംഘടനകളും രംഗത്തുണ്ട്.