കോല്‍ക്കത്ത: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വേദി നിഷേധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന സെമിനാറിനാണ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് വേദി നിഷേധിച്ചത്. 

സംസ്ഥാന കായിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയം. ഈ മാസം 10 മുതല്‍ 12 വരെ അമിത് ഷാ പശ്ചിമ ബംഗാള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന് സ്റ്റേഡിയം ബുക്ക് ചെയ്യാനെത്തിയ ബിജെപി നേതാക്കളോട് ഓഡിറ്റോറിയം ഒഴിവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിക്കായി ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബറില്‍ നടത്താനിരുന്ന പരിപാടിക്കായിരുന്നു ഓഡിറ്റോറിയം ബുക്ക് ചെയ്തത്. എന്നാല്‍ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. നിയമപരമായി വേദി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.