കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള പോക്‌സോ ആക്ട് നിലവില്‍ വന്ന 2012ന് ശേഷം ഇതുവരെ സംസംഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3711 കേസുകളാണ്. ഇരകളാകുന്ന കുട്ടികള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുകയായിരുന്നു ആക്ടിന്‍റെ ലക്ഷ്യം എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ തീര്‍പ്പാക്കിയത് കേവലം 7 ശതമാനം കേസുകള്‍ മാത്രമാണ്. 261 കേസുകള്‍ തീര്‍പ്പാക്കിയപ്പോള്‍ 197 കേസുകളിലെയും പ്രതികളെ വെറുതെ വിട്ടതാണ് ഞെട്ടിപ്പിക്കുന്നത്. ഇതേ കുറിച്ചാണ് ബാലാവകാശ കമ്മീഷന്‍ പരിശോധന തുടങ്ങിയിട്ടുള്ളത്.
വയനാട്ടില്‍ 68 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ 47 കേസുകളിലും പ്രതികളെ വെറുതെ വിട്ടു. ഏറണാകുളത്ത് 64ല്‍ 53 കേസുകളിലും പാലക്കാട് 22 കേസില്‍ 21 കേസിലും പ്രതികള്‍ക്ക് ശിക്ഷയുണ്ടായില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തുടര്‍ നടപടിയിലുണ്ടാകുന്ന പോരായ്മയാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം കൂടിവരുമ്പോള്‍ പ്രതികള്‍ ശിക്ഷിക്കപെടാത്തതിന്‍റെ കാരണങ്ങളെക്കുറിച്ച് ബാലാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
