കൊച്ചി: കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ അതേ നിരീക്ഷണങ്ങൾ ഇന്നും ആവർത്തിച്ചത്.

കലാലയങ്ങൾ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവർക്ക് മറൈൻ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങൾ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്‍റേതായ സ്ഥലമുണ്ട്. ക്യാമ്പസുകള്‍ രാഷ്ട്രീയ പ്രവർത്തനത്തിനുള്ളതല്ലെന്ന് നിരീക്ഷണം ഒരു കോടതി ആദ്യമായി നടത്തുന്നതല്ലെന്നും കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ വിവിധ കോടതികൾ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

പൊന്നാനി കോളജിന്‍റെ ഹർജി പരിഗണിച്ച് കഴിഞ്ഞ ദിവസവും ഹൈക്കോടതി സമാന പരാമർശം നടത്തിയിരുന്നു. ഇതിനെതിരേ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യാപക വിമർശനമാണ് ഉണ്ടായത്. കാന്പസുകളിൽ രാഷ്ട്രീയം നിരോധിച്ച വിധി മറികടക്കാൻ നിയമ നിർമാണം നടത്തണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആവശ്യം. ക്യമ്പസ് രാഷ്ട്രീയം വേണ്ടെന്ന വിധി യുക്തിക്ക് നിരക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ വി.എം.സുധീരനും എ.കെ.ആന്‍റണിയും പ്രതികരിച്ചിരുന്നു.