ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുകയോ പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യരുതെന്ന് മന്ത്രി ജി സുധാകരന്‍. സ്‌കൂള്‍ അംസബ്ലിയില്‍ ദൈവത്തിന്റെ വര്‍ണ്ണിച്ചുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലരുത്. വിളക്ക് കൊളുത്താത്തവരെ ചോദ്യം ചെയ്യുന്നവരുടെ സംസ്‌കാരം ബ്രാഹ്മണ മേധാവിത്വത്തിന്റേതെന്നും ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും ഒരു പ്രത്യേക മതത്തിന്റെ പേരില്‍ മാത്രം നടക്കുന്ന പ്രാര്‍ത്ഥനകളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചത്. ജാതിയിലെന്ന പ്രഖ്യാപനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുടങ്ങേണ്ടത്. പക്ഷേ നടക്കുന്നത് മറ്റൊന്നാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ജാതിയോ മതമോ ഇല്ല. പക്ഷേ സര്‍ക്കാര്‍ പരിപാടികളിലും ഇത് തന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. വിളക്ക് കൊളുത്തുന്നതും കൊളുത്താതും അവരവരുടെ അവകാശമാണ്. പക്ഷേ വിളക്ക് കൊളുത്താത്തവരെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.