ഇതിനകം നൂറു കണക്കിന് പേരേ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ജിഷയുടെയും സഹോദരി ദീപയുടെയും സുഹൃത്തുക്കളും അയല്‍ക്കാരും അന്യസംസ്ഥാന തൊഴിലാളികളുമൊക്കെ ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ നൂറു കണക്കിന് പോലീസുകാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും സുപ്രധാന തെളിവുകളിലേക്ക് അന്വേഷണം എത്തിയിട്ടില്ല. ജിഷയുടെ വീട്ടില്‍ നിന്ന് പൊലീസ് സംഘത്തിന് രണ്ട് വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരുടെ വിരലടയാളങ്ങളുമായി ഇവക്ക് സാമ്യമുണ്ടായിരുന്നില്ല. ഇത് ആരുടേതാണെന്ന് തിരിച്ചറിയാനുള്ള അവസാന ശ്രമം പൊലീസ് നടത്തുന്നുണ്ട്. ഇതിനായി ബംഗലൂരുവിലെ ആധാര്‍ കാര്‍ഡ് ഡേറ്റാബേസ് പരിശോധിക്കാനാണ് പോലീസ് സംഘം അവിടെയെത്തിയിരിക്കുന്നത്. വിവരങ്ങള്‍ ലഭിച്ചാല്‍ അത് സുപ്രാധാന തെളിവാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇതിനിടെ പൊലീസ് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിഷയുടെ വീട് നിര്‍മാണവുമായി സഹകരിച്ച ആളാണിത്. ഭായ് എന്നാണ് ഇയാളെ ജിഷയും സഹോദരി ദീപയും വിളിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജിഷയുടെ സഹോദരി ദീപയില്‍ നിന്ന് മൊഴിയെടുത്തിരുന്നു അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് പെരുമ്പാവൂരിലെ എല്ലാ കരാറുകാരോടും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നവരോടും അടുത്തിയിടെ നാടുവിട്ടവരെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്.ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്.