കേരളത്തിലെ ജയില്‍ ഉദ്യോഗസ്ഥ പ്രമോഷന്‍ അവതാളത്തില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമോഷന്‍ നടക്കുന്നില്ല. വേണ്ടത്ര ജീവനക്കാരില്ലാത്തത് പല ജയിലുകളുടേയും നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. സ്പെഷ്യല്‍ റൂള്‍ ഭേദഗതി തര്‍ക്കത്തില്‍ കുടുങ്ങിയാണ് ജയില്‍ ജീവനക്കാരുടെ പ്രമോഷന്‍ നടക്കാത്തത്. അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ് രണ്ടില്‍ 58 ഒഴിവുകളാണ് നിലവിലുള്ളത്. ഇത്രയും പേര്‍ക്ക് അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ് ഒന്നില്‍ പ്രമോഷന്‍ തഴയപ്പെടുകയും ചെയ്തു. ഈ തസ്തികയില്‍ ഒന്‍പത് ഒഴിവുകളുമുണ്ട്. ഡി.ഐ.ജി മുതല്‍ താഴേക്കുള്ള വിവിധ തസ്തികകളിലൊന്നിലും പ്രമോഷന്‍ നടക്കുന്നില്ല. ഉത്തര മേഖലാ ജയില്‍ ഡി.ഐ.ജി വിരമിച്ച ശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. മദ്ധ്യമേഖലാ ഡി.ഐ.ജിക്ക് അധിക ചുമതല നല്‍കുകയായിരുന്നു.

മേഖലാടിസ്ഥാനത്തിലുള്ള സീനീയോരിറ്റി പട്ടികയില്‍ നിന്ന് മാറി സംസ്ഥാന തലത്തില്‍ പട്ടിക തയ്യാറാക്കണമെന്ന് 2012 ല്‍ ചട്ടം ഭേദഗതി ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ ഉത്തര മേഖലയിലെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവരുടെ പ്രശ്നം പരിഹരിക്കണമെന്ന് കോടതി ഗവണ്‍മെന്‍റിന് നിര്‍ദേശം നല്‍കി. എന്നാല്‍ സീനിയോരിറ്റി നഷ്ടമാകുന്ന മദ്ധ്യമേഖലയിലേയും ദക്ഷിണമേഖലയിലേയും ജീവനക്കാര്‍ വീണ്ടും പരാതി നല്‍കിയതോടെ പ്രശ്നം കുഴഞ്ഞു മറിഞ്ഞു. ഇപ്പോള്‍ പ്രമോഷന്‍ കിട്ടാത്ത ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ കോടതിയുടേയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റേയും പരിഗണനയിലുണ്ട്.

അതുകൊണ്ട് തന്നെ പ്രമോഷനുകളെല്ലാം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. താല്‍ക്കാലികമായി സ്ഥാനക്കയറ്റം നല്‍കുന്ന രീതിയും നടപ്പിലാക്കുന്നില്ല. മതിയായ ജയില്‍ ജീവനക്കാരില്ലെന്ന പരാതി കുറച്ച് കാലമായി ഉയരുന്നുണ്ട്. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം കൂടി നിലച്ചതോടെ പല ജയിലുകളുടേയും പ്രവര്‍ത്തനം അവതാളത്തിലായി.