പ്രളയത്തിൽ വീടുകൾ തകർന്ന് വാടക വീടുകളിൽ അഭയം തേടിയവരെ സർക്കാർ കൈയ്യൊഴിഞ്ഞു. രണ്ട് മാസമായി വാടക വീടുകളിൽ കഴിയുന്ന നൂറ് കണക്കിന് സാധാരണക്കാരാണ് മാസ വാടക നൽകാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.
കൊച്ചി: പ്രളയത്തിൽ വീടുകൾ തകർന്ന് വാടക വീടുകളിൽ അഭയം തേടിയവരെ സർക്കാർ കൈയ്യൊഴിഞ്ഞു. രണ്ട് മാസമായി വാടക വീടുകളിൽ കഴിയുന്ന നൂറ് കണക്കിന് സാധാരണക്കാരാണ് മാസ വാടക നൽകാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ സർക്കാർ പണമൊന്നും അനുവദിക്കാത്തതിനാൽ എത്രകാലം വാടക വീട്ടിൽ കഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് പലരും.
പെയിന്‍റിംഗ് തൊഴിലാളിയായ ജോൺസൻ തന്‍റെ മക്കൾക്കൊപ്പം പ്രാരൂരിലെ ഈ വാടക വീട്ടിലെത്തിയിട്ട് രണ്ട് മാസമാകുന്നു. പ്രളയത്തെ തുടർന്ന് കാലടി മേഖലയിൽ പൂർണമായും തകർന്ന മുപ്പത് വീടുകളിൽ ഒന്ന് ജോൺസൻന്‍റേതാണ്. ക്യാമ്പ് പിരിച്ചുവിട്ടപ്പോൾ കയറിപ്പോകാൻ ഇടമില്ലാത്ത ജോൺസനും കുടുംബവും വാടക വീട്ടിലെത്തി. വീട് നിർമ്മാണത്തിന് വേഗം സഹായം നൽകുമെന്നും അതുവരെ വാടക നൽകാനുള്ള നടപടിയുണ്ടാകുമെന്നുമെല്ലാം ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ ഒന്നും നടന്നില്ല.
അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയ കാലടിയിലെ രാജേഷിന്‍റെയും അനുജന്‍റെയും ഏക സമ്പാദ്യം മൺകട്ട വീടായിരുന്നു. പ്രളയത്തിൽ അത് നിലംപൊത്തി. വീടുകൾ നഷ്ടമായവരെല്ലാം വാടക വീട്ടിലേക്ക് ചേക്കേറിയപ്പോൾ ഗവേഷണ വിദ്യാർത്ഥിയായ രാജേഷിന് അതുപോലും അലോചിക്കാനായില്ല. ഇപ്പോൾ താൽക്കാലികമായി ബന്ധുവീട്ടിലാണ്.
സംസ്ഥാനത്ത് ആകെ 16,666 വീടുകൾ പ്രളയത്തിൽ പൂർണ്ണമായും തകർന്നെന്നാണ് സർക്കാറിന്‍റെ ഒടുവിലത്തെ കണക്ക്. ഇതിൽ ബഹുഭൂരിപക്ഷവും വാടക വീട്ടിലാണ്. ക്യാമ്പ് നിർബന്ധമായി പരിച്ച് വിട്ടപ്പോൾ നിർധനരായവർക്ക് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ വാടക നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ പല പഞ്ചായത്ത് അധികൃതർക്കും എന്ത് ചെയ്യണമെന്നറിയില്ല.
